
തൊടുപുഴ: കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന് കീഴിൽ വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ കേരള (വി.എഫ്.പി.സി.കെ.) യുടെ നേതൃത്വത്തിൽ ആലക്കോട് പഞ്ചായത്തിലെ കലയന്താനിയിൽ ആരംഭിച്ച ചക്ക വിപണന സംസ്‌കരണ കേന്ദ്രത്തിന്റെ ഉദ്ഘാടനം കൃഷി മന്ത്രി വി.എസ്. സുനിൽ കുമാർ വീഡിയോ കോൺഫ്രൻസിലൂടെ നിർവഹിച്ചു.
നിരവധി കർഷകർക്ക് പ്രയോജനം ചെയ്യുന്നതിനായും പ്രാദേശിക ഉത്പ്പന്നങ്ങൾ മൂല്യവർദ്ധിതമായി ഉൽപ്പാദിപ്പിക്കുകയും അവയുടെ കയറ്റുമതിയും ലക്ഷ്യമിട്ടാണ് ഇത്തരം വിപണ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഇതിനായി കൃഷി വകുപ്പിന് കീഴിൽ നിരവധി അനുബന്ധ പദ്ധതികളും നടപ്പിലാക്കുന്നുണ്ട്. റീ ബിൽഡ് കേരളയിലും ഇത്തരം പദ്ധതികൾ ഉൾപ്പെടുത്തി നടപ്പാക്കുന്നതായും മന്ത്രി പറഞ്ഞു.
കലയന്താനിയിലെ സംസ്‌കരണ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ പി.ജെ ജോസഫ് എം.എൽ.എ അദ്ധ്യക്ഷനായി. വി.എഫ്.പി.സി.കെ. ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ഡോ. എ.കെ.ഷരീഫ് പദ്ധതി വിശദീകരണം നടത്തി. ഇളംദേശം ബ്ലോക്ക് പഞ്ചായത്തംഗം ടോമി കാവാലം, ആലക്കോട് ഗ്രാമപഞ്ചായത്തംഗം ബേബി മാണിശ്ശേരിൽ, വി.എഫ്.പി.സി.കെ. ജില്ലാ മാനേജർ വി.ബിന്ദു, ആലക്കോട് എസ്.കെ.എസ്. പ്രസിഡന്റ് ജോയി കല്ലിടുക്കിൽ, തോമസ് മൈലാടൂർ എന്നിവർ സംസാരിച്ചു.വി.എഫ്.പി.സി.കെ. പ്രൊജക്ട്‌സ് ഡയറക്ടർ ഷൈലാ പിള്ള സ്വാഗതവും വി.എഫ്.പി.സി.കെ. പ്രൊജക്ട്‌സ് ഡയറക്ടർ പി.എ. അബ്ദുള്ള ഹാഷിം നന്ദിയും പറഞ്ഞു.
ചക്കയുടെ സംഭരണം, സംസ്‌കരണം, വിപണനം എന്നിവക്കായി ഇടുക്കി ജില്ലയിൽ സ്ഥാപിച്ച ആദ്യ സംരഭമാണിത്.പരിപാടിയോടനുബന്ധിച്ച് കർഷകർക്കായി 'ചക്ക സംസ്‌കരണം' എന്ന വിഷയത്തിൽ സെമിനാറും സംഘടിപ്പിച്ചിരുന്നു.