ചെറുതോണി: വാഴത്തോപ്പ് പഞ്ചായത്തിലെ മംഗലം കവലനെല്ലിപ്പുഴ കവല ജപ്പാൻ കുടിവെള്ള പദ്ധതി അധികൃതരുടെ അനാസ്ഥ കാരണം ജനങ്ങൾക്ക് ഉപകാരപ്പെടുന്നില്ലെന്ന് ആക്ഷേപം. കാലാകാലങ്ങളായി ഈ പ്രദേശത്ത് അധിവസിക്കുന്ന സാധാരണക്കാരായ ജനങ്ങൾക്ക് അത്യാവശ്യത്തിനുള്ള കുടിവെള്ള സ്രോതസ് ഇല്ലാതായിരിക്കുകയാണ്. അവർ ഇപ്പോൾ ദിവസേന വൻ തുക കൊടുത്ത് സ്വകാര്യവ്യക്തികളിൽ നിന്ന് വാഹനങ്ങളിൽ കൊണ്ടുവരുന്ന വെള്ളമാണ് ഉപയോഗിക്കുന്നത്. അവരുടെ നിത്യജീവിത സാഹചര്യം വരുമാനത്തിന് താങ്ങാവുന്നതിനപ്പുറമാണ്. പ്രായമായവർക്കും കുട്ടികൾക്കും ഇത് വളരെയേറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. ഇവിടെ വർഷങ്ങൾക്ക് മുമ്പ് നടപ്പാക്കിയ ജപ്പാൻ കുടിവെള്ള പദ്ധതി ഇതിന് പരിഹാരം ഉണ്ടാക്കുമെന്ന് പ്രദേശവാസികൾ കരുതിയിരുന്നു. എന്നാൽ വാട്ടർ അതോറിട്ടി അധികൃതരും ജനപ്രതിനിധികളും ഇതിനോട് കാലാകാലങ്ങളായി മുഖം തിരിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്. ഈ പദ്ധതിയുടെ നടത്തിപ്പിനായി സാധാരണക്കാരനായ ഒരു വ്യക്തി സൗജന്യമായി നൽകിയ സ്ഥലവും നശിച്ചിരിക്കുകയാണ്. ഇവിടെ സ്ഥാപിച്ച മോട്ടോർ അധികൃതർ എടുത്തുകൊണ്ടുപോയി. ഈ കെടുകാര്യസ്ഥതയാണ് പദ്ധതിയുടെ നാശത്തിന് ഇടയാക്കിയത്. ഈ പദ്ധതി കാര്യക്ഷമവും കുറ്റമറ്റ രീതിയിലും നടപ്പിലാക്കിയാൽ നെല്ലിപ്പുഴ കവല, മംഗലംകവല, കുരിശ്ശുപാറ വാഴത്തോപ്പ് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരം ഉണ്ടാകും. ജനങ്ങളുടെ ആവശ്യങ്ങൾ മുൻനിറുത്തി പദ്ധതി കാര്യക്ഷമമായി നടപ്പിലാക്കണം. അല്ലാത്തപക്ഷം വാട്ടർ അതോറിറ്റി ഓഫീസ് ഉപരോധം, ഹൈവേ ഉപരോധം തുടങ്ങിയ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് യൂത്ത് ഫ്രണ്ട്‌ ജോസഫ് വിഭാഗം വാഴത്തോപ്പ് മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. മംഗലംകവലയിൽ നടന്ന യോഗത്തിൽ ജില്ലാ പ്രസിഡന്റ് അഡ്വ. എബി തോമസ്, സംസ്ഥാന വൈസ് പ്രസിഡന്റ്‌ ടോണി മാറാമറ്റം തുടങ്ങിയവർ പ്രസംഗിച്ചു.