ഇടുക്കി: ജില്ലയിലെ ഒമ്പത് പഞ്ചായത്തുകൾക്ക് കൂടി ശുചിത്വ പദവി നൽകുന്നത് പരിഗണിക്കും. അറക്കുളം, അയ്യപ്പൻകോവിൽ, ഉപ്പുതറ, ഇരട്ടയാർ, വണ്ടിപ്പെരിയാർ, രാജകുമാരി, കാമാക്ഷി, സേനാപതി, പാമ്പാടുംപാറ പഞ്ചായത്തുകളാണ് ഹരിത കേരളത്തിന്റെയും ശുചിത്വ മിഷന്റെയും രണ്ടാം ഘട്ട ശുചിത്വ പദവി പട്ടികയിലിടം നേടിയത്. 15നകം ഈ പഞ്ചായത്തുകളിൽ ജില്ലാ കളക്ടർ രൂപീകരിച്ച ജല്ലാ തല സമിതികൾ പരിശോധന നടത്തും. നിശ്ചിത മാനദണ്ഡങ്ങൾ പൂർത്തിയാക്കിയെന്ന് സമിതിയ്ക്ക് ബോധ്യപ്പെടുന്ന പക്ഷം ഈ പഞ്ചായത്തുകളെക്കൂടി ശുചിത്വ പദവി സർട്ടിഫിക്കറ്റ് നൽകുന്നതിന് സർക്കാരിന് ശുപാർശ നൽകും. സമഗ്ര മാലിന്യ പരിപാലനവുമായി ബന്ധപ്പെട്ട് ഹരിതകേരളം നിർദ്ദേശിച്ചിട്ടുള്ള 20 വിലയിരുത്തൽ ഘടകങ്ങളുള്ള 100 മാർക്കിന്റെ ഹരിത പരീക്ഷയാണ് പഞ്ചായത്തുകൾക്കായി നടത്തുന്നത്. ഓരോന്നിനും അഞ്ച് മാർക്ക് വീതമാണ്. 60 മാർക്ക് നേടുന്നവർക്ക് ശുചിത്വ പദവി ലഭിക്കും. ഹരിതകർമ്മ സേനയുടെ രൂപീകരണം, വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും അജൈവമാലിന്യങ്ങൾ ശേഖരിക്കൽ, യൂസർ ഫീ നൽകുന്ന വീടുകളുടെയും സ്ഥാപനങ്ങളുടെയും എണ്ണം, വീടുകളിലെയും സ്ഥാപനങ്ങളിലെയും ഉറവിട ജൈവമാലിന്യ സംസ്‌കരണോപാധികളുടെ എണ്ണം, അജൈവ മാലിന്യങ്ങളുടെ ശേഖരണം, സംഭരണം, കൈയ്യൊഴിയൽ, എം.സി.എഫുകളുടെ എണ്ണം, ആർ.ആർ.എഫ് ലിങ്കേജ്, പൊതുശുചിമുറികളുടെ എണ്ണം, ഖര ദ്രവ്യ മാലിന്യ പരിപാലന നിയമം നടപ്പിലാക്കൽ, നിയമനടപടികൾ, ഗ്രീൻപ്രോട്ടോക്കോൾ, പ്ലാസ്റ്റിക് നിരോധനം, ബദൽ ഉത്പന്ന വിതരണം, ബഹുജന വിദ്യാഭ്യാസ പരിപാടികൾ നടപ്പിലാക്കൽ, പൊതുനിരത്തിലെയും ജലാശങ്ങളിലെയും മാലിന്യക്കൂമ്പാരങ്ങൾ തുടങ്ങിയ 20 ഘടകങ്ങളാണ് ശുചിത്വ പദവിയിലേയ്ക്കുള്ള മാനദണ്ഡങ്ങൾ. ആദ്യഘട്ടത്തിൽ നടത്തിയ ഹരിത പരീക്ഷയിൽ വിജയികളായ രണ്ട് നഗരസഭകളുൾപ്പടെ 26 തദ്ദേശ സ്ഥാപനങ്ങൾക്ക് ശുചിത്വ പദവി ലഭിച്ചിരുന്നു.