തൊടുപുഴ: എല്ലാ ആയുർവേദ ഡിസ്‌പെൻസറികളിലും ഒപി പഞ്ചകർമ്മ വിഭാഗം ആരംഭിക്കണമെന്ന് 'ആയുർവിഷൻ" ശില്പശാല. കേരള സ്റ്റേറ്റ് ഗവ. ആയുർവേദ മെഡിക്കൽ ആഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥാന തലത്തിൽ സംഘടിപ്പിച്ച ജനകീയാസൂത്രണ പദ്ധതികളുടെ ശില്പശാലയിലായിരുന്നു ഈ ആവശ്യമുയർന്നത്. ജനകീയാസൂത്രണത്തിന്റെ 25-ാം വർഷത്തിൽ ആയുർവേദ പദ്ധതികൾ കാലാനുസൃതമായ തിരുത്തലുകൾക്ക് വിധേയമാക്കുക, പദ്ധതി നടത്തിപ്പ് കാര്യക്ഷമമാകാൻ നിർവഹണ ഉദ്യോഗസ്ഥരുള്ള സ്ഥിരം ഡിസ്‌പെൻസറികൾ എല്ലാ പഞ്ചായത്തിലും ആരംഭിക്കുക, ഇ- ഡിസ്‌പെൻസറികൾ ആരംഭിക്കുക തുടങ്ങിയവയും ശില്പശാലയിൽ ഉയർന്നുവന്നു. ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ നടന്ന പരിപാടി കില ഡയറക്ടർ ജനറൽ ഡോ: ജോയ് ഇളമൺ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ: ആർ കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ചു. അസോസിയേഷൻ രക്ഷാധികാരി ഡോ:ഷർമദ് ഖാൻ , വൈസ് പ്രസിഡന്റ് ഡോ:എൻ. രാജേഷ് എന്നിവർ വിഷയാവതരണം നടത്തി. ആയുർവേദ പൊതുജനാരോഗ്യ വിദഗ്ധരായ ഡോ. വി.ജി. ഉദയകുമാർ, ഡോ. എ.പി. ശ്രീകുമാർ എന്നിവർ മോഡറേറ്ററായിരുന്നു. അസോസിയേഷൻ സംസ്ഥാന ജനറൽ സക്രട്ടറി ഡോ: വി.ജെ. സെബി, ഫിസിഷ്യൻ എഡിറ്റർ ഡോ. വി.ജി. ജയരാജ് , നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. എം.എസ്. നൗഷാദ്, അസോസിയേഷൻ സംസ്ഥാന വനിത കൺവീനർ ഡോ. എസ്. ആശ ,സംസ്ഥാന ട്രഷറർ ഡോ. പി. ജയറാം, ഡോ. എസ്.ഷൈൻ, ഡോ: കെ.എസ്. വിഷ്ണു നമ്പൂതിരി, ഡോ: പ്രവീൺ കെ, ഡോ. എം.എ. അസ്മാബി, ഡോ. പ്രബിഷ എ , ഡോ. ജിനേഷ് ജെ. മേനോൻ, ഡോ. അരവിന്ദ് എന്നിവർ പ്രസംഗിച്ചു.