മൂന്നാർ: മൂന്നാറിൽ നിന്ന് 24 കിലോ മീറ്റർ അകലെ തലയാർ എസ്റ്റേറ്റിൽ പുലി കെണിയിൽ വീണു. ഇന്നലെ രാവിലെ 10 മണിയോടെ തോട്ടത്തിൽ പണിക്കെത്തിയവരാണ് സംഭവ വിവരം വനം വകുപ്പിനെ അറിയിച്ചത്. തലയാർ എസ്റ്റേറ്റ് അതിർത്തിയിൽ വനത്തോട് ചേർന്ന ഭാഗത്ത് ആരോ സ്ഥാപിച്ച ഇരുമ്പ് വള്ളി കുരുക്കിലാണ് പുലി വീണത്. ആറ് വയസ് പ്രായമുള്ള ആൺ പുലിയാണ് കെണിയിൽപ്പെട്ടത്. മുൻ വശത്തെ വലത് കൈയിലാണ് കുടുക്ക് കുടുങ്ങിയത്. പുലിയുടെ ബഹളം കേട്ടാണ് തൊഴിലാളികൾ സംഭവം അറിയുന്നത്. തുടർന്ന് മൂന്നാറിൽ നിന്ന് റേഞ്ച് ആഫീസറുടെയും അസി. ഫോറസ്റ്റ് കൺസർവേറ്ററുടേയും നേതൃത്വത്തിലുള്ള വനംവകുപ്പ് സംഘം സ്ഥലത്തെത്തി നെറ്റ് ഉപയോഗിച്ച് പുലിയെ കുരുക്കിൽ നിന്ന് രക്ഷപ്പെടുത്തുകയായിരുന്നു. കമ്പി മുറിച്ച് മാറ്റിയ ശേഷം ഡിവിഷൻ വെറ്റിനറി ഡോക്ടർ നിഷ റെയ്ച്ചലിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി. കാലിൽ ചെറിയ മുറിവൊഴിച്ചാൽ മറ്റ് പ്രശ്നങ്ങളില്ലാത്തിനാൽ ഇവിടെ തന്നെ പുലിയെ തുറന്ന് വിടുകയായിരുന്നെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവത്തിൽ കുടുക്ക് വെച്ചയാളെ വനംവകുപ്പ് തിരയുകയാണ്. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മാങ്കുളത്ത് പുലിയെ കെണിവെച്ച് പിടികൂടി കറിവെച്ച് കഴിച്ച കേസിൽ ജനുവരി 22ന് അഞ്ച് പേർ പിടിയിലായിരുന്നു. പുലിതോലും പല്ലും നഖവും വിൽക്കുന്നതിന് വേണ്ടിയായിരുന്നു ഇത്. മൂന്ന് മാസം മുമ്പ് മൂന്നാറിലെ ഒരു എസ്റ്റേറ്റിൽ കുരുക്കിൽ വീണ പുലി ചത്തിരുന്നു. അതേ സമയം മൂന്നാർ, മാങ്കുളം, വണ്ടിപ്പെരിയാർ തുടങ്ങിയ മേഖലകളിൽ വന്യ മൃഗങ്ങളുടെ ശല്യം രൂക്ഷമാകുകയാണ്. കാട്ടാനകൾ നിരവധി വീടുകൾ തകർക്കുകയും കൃഷി നശിപ്പിക്കുകയും ചെയ്യുന്നത് പതിവാണ്. ഇതിനൊപ്പം കാട്ടുപോത്ത്, കാട്ടുപന്നി, കുരങ്ങ് തുടങ്ങിയവയുടെ ശല്യവും ഏറി വരികയാണ്. പുലി, കടുവ പോലുള്ളവ പശുക്കളെയും മറ്റ് വളർത്ത് മൃഗങ്ങളെയും കൊന്ന് തിന്നുന്ന സംഭവങ്ങളും നിരവധിയാണെന്ന് നാട്ടുകാർ പരാതി പറയുന്നു.