തൊടുപുഴ: ഹോമിയോ വകുപ്പിന്റെ വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ കുറവ് രോഗികളെ വലയ്ക്കുന്നു. ജില്ലയിൽ വിവിധ ആശുപത്രികളിലായി എട്ട് മെഡിക്കൽ ആഫീസർമാരുടെ ഒഴിവുകളാണുള്ളത്. നഴ്സ്, ഫാർമസി, ലാബ്, ക്ലീനിംഗ് ജീവനക്കാർ എന്നിങ്ങനെ ഒഴിവുകൾ അനവധി. എന്നാൽ ഇവിടങ്ങളിലെല്ലാം ജീവനക്കാരെ ഉടൻ നിയമിക്കുമെന്ന് പറയുന്നതല്ലാതെ തീരുമാനമാകുന്നില്ല. ഡിസ്പൻസറികൾ/ ആശുപത്രികൾ​- 41, ദേശീയ ആരോഗ്യ മിഷൻ ക്ലിനിക്ക്- 24 എന്നിങ്ങനെയാണ് ജില്ലയിൽ ഹോമിയോ വകുപ്പിന്റെ സ്ഥാപനങ്ങൾ. കൊവിഡ് ഡ്യൂട്ടിയും ദീർഘനാളത്തെ അവധിയും കാരണം ഡോക്ടർമാർക്കും മറ്റ് ജീവനക്കാർക്കും രണ്ടും മൂന്നും സ്ഥാപനങ്ങളുടെ ചുമതലയുമുണ്ട്. തുടർന്ന് ആഴ്ചയിൽ രണ്ടോ മൂന്ന് ദിവസങ്ങളിലാണ് ചില സ്ഥലങ്ങളിൽ ചികിത്സ നടക്കുന്നത്. സ്ഥാപനങ്ങളിലെ ജീവനക്കാർക്കും സ്ഥാപനങ്ങളിൽ എത്തുന്നവർക്കും കൊവിഡ് സ്ഥിരീകരിച്ചാൽ ജീവനക്കാർ നിരീക്ഷണത്തിൽ പോകുന്നതും പ്രവർത്തനങ്ങളെ സാരമായി ബാധിക്കുന്നുണ്ട്. ഇതെല്ലാം വിവിധ രോഗത്താൽ കഷ്ടപ്പെടുന്നവരെ കൂടുതൽ ദുരിതത്തിലാക്കുകയാണ്. തുടർ ചികിത്സ ആവശ്യമുള്ളവർക്കും ആശുപത്രികളിൽ കിടത്തി ചികിത്സ വേണ്ടവർക്കുമാണ് ഇത് ഏറെ പ്രശ്നം സൃഷ്ടിക്കുന്നത്.