തൊടുപുഴ: ലോക്ക്ഡൗണിൽ അടച്ചുപൂട്ടിയ നഗരസഭാ പാർക്ക് ഒരു വർഷത്തിന് ശേഷം തുറക്കുമ്പോൾ അതിസുന്ദരിയായി മാറും. തൊടുപുഴ നഗരസഭാ പാർക്കാണ് പുതിയ മുഖവുമായി തിരിച്ചുവരവിനൊരുങ്ങുന്നത്. തുരുമ്പെടുത്ത് നശിച്ചു തുടങ്ങിയ കളിയുപകരണങ്ങൾ മാറ്റുന്നതുൾപ്പെടെ 80 ലക്ഷം രൂപയുടെ നവീകരണ പ്രവർത്തനങ്ങൾക്ക് ഉടൻ തുടക്കമാകും. നേരത്തെ പൊട്ടിത്തകർന്ന കളിയുപകരണങ്ങളിലാണ് കുട്ടികൾ വിനോദത്തിലേർപ്പെട്ടിരുന്നത്. സ്ലൈഡർ ഉൾപ്പെടെ പല വിനോദ ഉപാധികളും തുരുമ്പെടുത്തു നശിച്ച നിലയിലായിരുന്നു. കൊവിഡിന്റെ പശ്ചാത്തലത്തിൽ മാസങ്ങളായി പാർക്ക് അടച്ചിട്ടിരിക്കുകയാണ്. തൊടുപുഴയിൽ കുട്ടികൾക്ക് ഉല്ലസിക്കാനുള്ള ഏക സ്ഥലമാണ് മുനിസിപ്പൽ പാർക്ക്. ദിവസേന നൂറുകണക്കിന് കുട്ടികളും മാതാപിതാക്കളുമാണ് മുനിസിപ്പൽ പാർക്കിൽ സായാഹ്നങ്ങൾ ചെലവിടാനെത്തിയിരുന്നത്. അവധി ദിവസങ്ങളിൽ വൻ തിരക്കാണ് അനുഭവപ്പെട്ടിരുന്നത്. എന്നാൽ കളിയുപകരണങ്ങളും ഇരിപ്പിടങ്ങളും തകർന്നതോടെ ഇവിടേക്കുള്ള ആളുകളുടെ വരവ് കുറഞ്ഞു. പാർക്കിലെ കുളത്തിൽ ഓടിച്ചിരുന്ന പെഡൽബോട്ടുകളും കാലഹരണപ്പെട്ടു. കഴിഞ്ഞ ഭരണസമിതിയുടെ കാലത്താണ് പാർക്ക് നവീകരണത്തിനായി 65 ലക്ഷം രൂപയുടെ പദ്ധതിയ്ക്ക് രൂപം നൽകിയത്. കുട്ടികൾക്കായി ടോയ്സ് കാറുകളുള്ള ട്രാഫിക് പാർക്കും ട്രാഫിക് നിയമങ്ങളെക്കുറിച്ച് ബോധവാന്മാരാക്കുന്നതിനുള്ള മുന്നറിയിപ്പ് ബോർഡുകളും വാട്ടർ സ്ലൈഡിംഗ് സംവിധാനവും ഉൾപ്പെടെയുള്ള പദ്ധതിയാണ് വിഭാവനം ചെയ്തത്. നഗരസഭയുടെ തനത് ഫണ്ടിൽ നിന്ന് 20 ലക്ഷം രൂപയും സംസ്ഥാന സർക്കാർ 2016- 17 വർഷം നഗരസഭയുടെ പ്രവർത്തന മികവിന് അംഗീകാരമായി നൽകിയ 71 ലക്ഷം രൂപയിൽ നിന്ന് 45 ലക്ഷം രൂപയും ചേർത്താണ് നിർമാണ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കാൻ തീരുമാനിച്ചത്. കോട്ടയം കേന്ദ്രമായ എൻജിനിയറിംഗ് കോളജിന്റെ മേൽനോട്ടത്തിൽ രൂപരേഖ തയ്യാറാക്കിയെങ്കിലും പദ്ധതി നടപ്പിലായില്ല.

നവീകരണം ഇങ്ങനെ

 തകരാറിലായ കളിയുപകരണങ്ങളും ഇരിപ്പിടങ്ങളും മാറ്റി സ്ഥാപിക്കും

 പുതുതായി സൈക്കിൾ ട്രാക്ക് സ്ഥാപിക്കും

 ശുദ്ധ ജലം ലഭിക്കാൻ കിണർ നിർമിക്കും

 പ്രാദേശിക കലാകരൻമാർക്കായി സാംസ്‌കാരിക കേന്ദ്രം

 ട്രാഫിക് ബോധവത്കരണ ബോർഡുകൾ സ്ഥാപിക്കും

 മത്സ്യകുളത്തിന്റെ സ്ഥാനത്ത് കളിസ്ഥമാക്കും

 മാതാപിതാക്കൾക്ക് ചുറ്റും ഇരിപ്പിടങ്ങളും ഒരുക്കും

 വൈദ്യുതി വിളക്കുകൾ മാറ്റി സ്ഥാപിക്കും


'പാർക്കിന്റെ മുഖച്ഛായ പൂർണമായും മാറ്റുന്ന രീതിയിലായിരിക്കും നവീകരണം. ഏറ്റവും വേഗത്തിൽ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി കൊവിഡ് നിയന്ത്രണങ്ങൾക്ക് അയവു വരുന്ന മുറയ്ക്ക് പാർക്ക് പൊതുജനങ്ങൾക്കായി തുറന്നു നൽകാനാണ് ലക്ഷ്യമിടുന്നത് "

​ ​- സനീഷ് ജോർജ് (നഗരസഭ ചെയർമാൻ)