മെഡിക്കൽ കോളേജിൽ കിടത്തി ചികിത്സ ഇതുവരെ പുനരാരംഭിച്ചില്ല
ചെറുതോണി: എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളും ഡോക്ടർമാരും കെട്ടിടങ്ങളുമുണ്ടായിട്ടും ജില്ലയിലെ ഏക സർക്കാർ മെഡിക്കൽ കോളേജിൽ സാധാരക്കാരായ മലയോര ജനതയ്ക്ക് കിടത്തി ചികിത്സ ലഭിക്കുന്നില്ല. കൊവിഡ് രോഗികളെ ചികിത്സിക്കുന്നതിന്റെ പേരിലാണ് കഴിഞ്ഞ ഒരു വർഷമായി ഇവിടെ മറ്റുചികിത്സകരെ തഴയുന്നത്. കൊവിഡ് രോഗികൾക്ക് മാത്രമാണ് കിടത്തി ചികിത്സ നൽകുന്നത്. അല്ലാത്ത രോഗികളെ മറ്റ് ആശുപത്രികളിലേക്ക് റഫർ ചെയ്യുകയാണ്. ഇതോടെ വിദഗ്ദ്ധ ചികിത്സ കിട്ടാതെ പാവപ്പെട്ട ആയിരക്കണക്കിന് രോഗികളാണ് ബുദ്ധിമുട്ടിലായത്. മൂന്നാർ, അടിമാലി, നെടുങ്കണ്ടം, കട്ടപ്പന, കുമളി, ഉപ്പുതറ, കുളമാവ്, മൂലമറ്റം തുടങ്ങിയ പ്രദേശങ്ങളിലെ സാധാരണക്കാരായ ജനങ്ങളും ആദിവാസികളും ചികിത്സയ്ക്കായി ഇടുക്കി മെഡിക്കൽ കോളേജിനെയാണ് ആശ്രയിച്ചിരുന്നത്. കൊവിഡിന് മുമ്പ് ദിവസേന ആയിരത്തിലധികം രോഗികൾ ഒപിയിലും അഞ്ഞൂറോളം രോഗികൾ ഐ.പിയിലും ചികിത്സ തേടിയിരുന്നു. എന്നാൽ ഇപ്പോൾ ഇരുന്നൂറിൽ താഴെ രോഗികൾ മാത്രമാണെത്തുന്നത്. എല്ലാ ഡിപ്പാർക്കുമെന്റുകളിലുമായി നൂറു ഡോക്ടർമാരെ നിയമിച്ചിട്ടുണ്ട്. ഇതനുസരിച്ച് മറ്റുള്ള ജീവനക്കാരുമുണ്ട്. ഇവരിൽ ഭൂരിഭാഗംപേരും വീട്ടിലിരുന്ന് ശമ്പളം വാങ്ങുകയും മറ്റാശുപത്രികളിൽ ജോലി ചെയ്യുകയുമാണെന്ന് ആക്ഷേപം ശക്തമാണ്. അത്യാസന്നനിലയിലെത്തുന്ന രോഗികൾക്ക് പോലും പ്രാഥമിക ചികിത്സ മാത്രമാണ് നൽകുന്നതെന്ന് പരാതിയുണ്ട്. പിന്നീട് മറ്റ് ആശുപത്രികളിലേക്ക് പറഞ്ഞുവിടും. പലരും യാത്രാമദ്ധ്യേ മരണപ്പെടുകയാണ് പതിവ്. അടുത്തനാളിൽ ചെറുപ്പക്കാരനായിരുന്ന ഓട്ടോറിക്ഷ ഡ്രൈവറെ ഹൃദയസംബന്ധമായ രോഗവുമായെത്തിച്ചെങ്കിലും മെഡിക്കൽ കോളേജിൽ ചികിത്സ നൽകാതെ പറഞ്ഞയച്ചു. തുടർന്ന് ഈ രോഗി യാത്രാമദ്ധ്യേ മരിച്ചത് വൻപ്രതിഷേധത്തിനിടയാക്കിയിരുന്നു.
ആർക്കും ഉപകാരമില്ലാതെ കോടികൾ
മെഡിക്കൽ കോളേജിനായി പുതിയ കെട്ടിടം പണിതീർന്ന് ഉദ്ഘാടനം നടത്തിയെങ്കിലും ഇതുവരെ പൂർണ പ്രവർത്തന സജ്ജമായിട്ടില്ല. ആശുപത്രിയുടെ ആവശ്യങ്ങളിലേക്കായി വാങ്ങിയിട്ടുള്ള പല മെഷിനറികളും പ്രവർത്തിപ്പിക്കുന്നില്ല. ഇവയിൽ പലതും ഉപയോഗിക്കാത്തതുമൂലം കേടാവാനും സാധ്യതയുണ്ട്. ഐ.സി.യു യൂണിറ്റിൽ ആവശ്യമായ മെഷിനറികളും മറ്റടിസ്ഥാന സൗകര്യങ്ങളുമുണ്ടായിട്ടും ഇതൊന്നും രോഗികൾക്കായി ഉപയോഗിക്കാറില്ല. ഡയാലിസിസ് യൂണിറ്റ് പ്രവർത്തനമാരംഭിച്ചെങ്കിലും ഇതിന്റെ പ്രയോജനം എല്ലാ രോഗികൾക്കും കിട്ടുന്നില്ല. കാത്ത്ലാബ് ആരംഭിക്കാൻ സർക്കാർ നിർദ്ദേശിച്ചിട്ടും നടപടികളൊന്നുമായിട്ടില്ല.