 തൊടുപുഴയിലെ വ്യാപാരിയുടെ പേരിൽ ഫേസ്ബുക്ക് വഴി തട്ടിപ്പിന് ശ്രമം

തൊടുപുഴ: നിങ്ങൾക്ക് പരിചയമുള്ള ഒരാളുടെ സൗഹൃദ അഭ്യർത്ഥന ഫേസ്ബുക്കിൽ വരുന്നു. ഫോട്ടോയും മറ്റും അദ്ദേഹത്തിന്റെ തന്നെ. നിങ്ങളുടെ ചില സുഹൃത്തുകൾ അദ്ദേഹത്തിന്റെ സൗഹൃദപട്ടികയിലുണ്ട്. സ്വാഭാവികമായും നിങ്ങൾ ആ അഭ്യർത്ഥന സ്വീകരിക്കും. അൽപ്പ സമയം കഴിഞ്ഞ് ഇതേ ഐഡിയിൽ നിന്ന് നിങ്ങൾക്ക് മെസെഞ്ചർ വഴി സന്ദേശം വരും. ആദ്യം പരിചയം പുതുക്കും. പിന്നീട് ഗൂഗിൾ പേയോ ഫോൺ പേയോ ഉണ്ടോയെന്ന് ചോദിക്കും. ഉണ്ടെന്നാണ് മറുപടിയെങ്കിൽ ഉടൻ അടുത്ത സന്ദേശമെത്തും. വളരെ അടിയന്തര സാഹചര്യമാണെന്നും ഒരു 10,000 രൂപ തന്ന് സഹായിക്കണമെന്നും അഭ്യർത്ഥിക്കും. തന്റെ ഒരു ബന്ധുവിന്റെ ഫോൺ നമ്പർ തരാമെന്നും ഈ നമ്പറിലേക്ക് എത്രയും വേഗം പണം അയക്കണമെന്നും ആവശ്യപ്പെടും. സുഹൃത്തിന് എന്തോ അത്യാവശ്യമാണെന്ന് കരുതി ആ നമ്പറിലേക്ക് പണം അയച്ചാൽ നിങ്ങളും ഓൺലൈൻ തട്ടിപ്പുകാരുടെ മറ്റൊരു ഇരയായി മാറും. ഇടുക്കി ജില്ലയിലടക്കം അടുത്തിടെ റിപ്പോർട്ട് ചെയ്യുന്ന പുതിയ ഇനം ഓൺലൈൻ തട്ടിപ്പാണിത്. നമ്മുടെ സൗഹൃദപട്ടികയിലുള്ളയാളുടെ അതേ

ഫേസ്ബുക്ക് ഐഡി വ്യാജമായി നിർമിച്ച ശേഷമാണ് തട്ടിപ്പ് നടത്തുന്നത്. തൊടുപുഴയിലെ ഒരു പ്രമുഖ വ്യാപാരിയുടെ പേരിൽ തട്ടിപ്പുകാർ നിർമിച്ച വ്യാജ ഫേസ്ബുക്ക് പ്രൊഫൈലിൽ നിന്ന് നിരവധി പേർക്ക് പണം ചോദിച്ച് അഭ്യർത്ഥന ചെന്നിരുന്നു. തൊടുപുഴ നഗരസഭാ കൗൺസിലറടക്കമുള്ളവർക്ക് ഇത്തരം സന്ദേശം ലഭിച്ചു. ഭാഗ്യത്തിന് ആർക്കും പണം നഷ്ടപ്പെട്ടിട്ടില്ലെന്നാണ് വിവരം. ഇത്തരം നിരവധി ഓൺലൈൻ തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ടെന്ന് സൈബർ സെൽ സ്ഥിരീകരിക്കുന്നു. പാഴ്‌സൽ ഡെലിവറിക്ക് മുമ്പ് ഫോണിലേക്കു വരുന്ന ഒ.ടി.പി പങ്കുവയ്ക്കണമെന്ന് പറഞ്ഞുള്ള തട്ടിപ്പും വ്യാപകമാവുന്നുണ്ട്. ഒ.ടി.പി നൽകിയാൽ അക്കൗണ്ടിലെ പണം മുഴുവൻ കാലിയാകും.

ഹണിട്രാപും സുലഭം

ആദ്യം മെസേജിലൂടെ സൗഹൃദം സ്ഥാപിച്ച് വിഡിയോ കോളിന് ക്ഷണിക്കും.

വിഡിയോ കോളിൽ അപ്പുറത്ത് നഗ്നയായ സ്ത്രീയാകും പ്രത്യക്ഷപ്പെടുക. നിങ്ങളുടെ മുഖം പതിയുന്ന നിമിഷത്തിൽ സ്‌ക്രീൻ ഷോട്ടുകളെടുക്കും. പിന്നെ അതു സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിക്കും.

മിസ്ഡ് കോളും കെണി

അജ്ഞാത ഫോൺ നമ്പറുകളിൽ നിന്നുവരുന്ന കോൾ

ഒന്നോ രണ്ടോ ബെല്ലടിച്ച് കട്ടാകും. തിരിച്ചു വിളിച്ചാൽ സെക്കൻഡുകൾക്കകം മൊബൈൽ ഫോണിലെ വിവരങ്ങളെല്ലാം ചോർത്തും. സോമാലിയായിൽ നിന്ന് 00252 ൽ തുടങ്ങുന്ന നമ്പറുകളിൽ നിന്നാണ് നിരവധി പേർക്ക് ഇത്തരം ഫോൺ കോളുകൾ വരുന്നതെന്ന് സൈബർസെൽ ഉദ്യോഗസ്ഥർ പറയുന്നു.