jaivam

വണ്ടിപ്പെരിയാർ :ഗ്രാമപ്പഞ്ചായത്ത് ഹരിതകർമ്മ സേന തയ്യാറാക്കിയ ' ജൈവ ജീവനം ' സമ്പൂർണ്ണ ജൈവവളം വിപണിയിൽ. ടൗണിലെയും പരിസരത്തെയും ഭക്ഷണാവശിഷ്ടങ്ങൾ, പച്ചക്കറിമാലിന്യങ്ങൾ തുടങ്ങിയവയാണ് ഹരിതകർമ്മ സേന ശാസ്ത്രീയമായി സംസ്‌ക്കരിച്ച് ജൈവവളമാക്കിയത്. ഗ്രാമപ്പഞ്ചായത്താണ് ഹരിതകർമ്മസേന ആദ്യമായി തയ്യാറാക്കിയ 1000 കിലോ ജൈവ വളം വാങ്ങുന്നത്.സൗജന്യ നിരക്കിൽ കൃഷിക്കാർക്ക് നൽകുന്നതിനായാണിത് വാങ്ങുന്നത്. കിലോയ്ക്ക് 25 രൂപയാണ് വില. ഈ വളം 15 രൂപ സബ്‌സിഡിയോടെ പത്ത് രൂപാ നിരക്കിൽ ഗ്രാമപഞ്ചായത്ത് കർഷകർക്ക് വിതരണം ചെയ്യും.

വണ്ടിപ്പെരിയാർ സത്രം ഭാഗത്ത് ബഥേൽ എസ്റ്റേറ്റ് ഗ്രാമപ്പഞ്ചായത്തിന് വിട്ടുകൊടുത്ത രണ്ടേക്കർ സ്ഥലത്താണ് ജൈവമാലിന്യ സംസ്‌കരണ പ്ലാന്റ് പ്രവർത്തിക്കുന്നത്. 1000ചതുരശ്ര അടിയിൽ സ്ഥിരം ഷെഡ് നിർമ്മിച്ച് അതിലാണ് ഈ വിൻഡ്രോ കമ്പോസ്റ്റ് മാതൃകയിൽ ജൈവവളമുണ്ടാക്കുന്നത്.

വണ്ടിപ്പെരിയാർ ടൗണിൽ നിന്നുള്ള 1000കിലോ ജൈവ മാലിന്യമാണ് പ്രതിദിനം ഇവിടെ സംസ്‌കരിക്കുന്നത്. ഹരിതകർമ്മ സേനയുടെ 11 അംഗ കൺസോർഷ്യത്തിന്റെ നേതൃത്വത്തിലാണ് ജൈവവള നിർമ്മാണം. ഈ യൂണിറ്റിൽ രണ്ടു പുരുഷന്മാരുമുണ്ട്. ലില്ലിക്കുട്ടി തമ്പി പ്രസിഡന്റും മല്ലിക സെക്രട്ടറിയുമായ കൺസോർഷ്യമാണ് വളം നിർമ്മിക്കുന്നത്.ഈ പ്രോജക്ടിന് നേതൃത്വം നൽകുന്നത് മുൻ ബി.ഡി.ഒ. എം ഹരിദാസിന്റെ മാർഗ്ഗനിർദ്ദേശത്തിലാണ് യൂണിറ്റ് പ്രവർത്തിക്കുന്നത്.

ഗ്രാമപഞ്ചായത്തിന് സ്വന്തമായി ഭൂമിയില്ലാത്തതിനാൽ ഇവിടെ ഹരിതകേരളത്തിന്റെ പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിന് തടസ്സം നേരിട്ടിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി മുൻ പ്രസിഡന്റ് ശാന്തി ഹരിദാസ് ജില്ലാ കളക്ടർ എച്ച് ദിനേശന് നിവേദനം നൽകിയിരുന്നു. തുടർന്ന് ജില്ലാ കളക്ടർ, ഇ എസ് ബിജിമോൾ എംഎൽഎ എന്നിവർ നടത്തിയ ഇടപെടലിലാണ് സ്വകാര്യ എസ്റ്റേറ്റ് അധികൃതർ ഭൂമി വിട്ടുനൽകിയത്. ഗ്രാമപ്പഞ്ചായത്തിന്റെ മെറ്റീരിയൽ കളക്ഷൻ സെന്ററും (എംസിഎഫ്) ഈ സ്ഥലത്താണ് സ്ഥാപിച്ചിരിക്കുന്നത്.