ഇടുക്കി: ജില്ലയുടെ ടൂറിസം മേഖല ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി രാമക്കൽമേടിലെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിച്ചു രണ്ടാം ഘട്ട ടൂറിസം പദ്ധതി മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു.
വിനോദ സഞ്ചാര വകുപ്പ് ഇടുക്കി ഡിടിപിസി വഴി 1.38 കോടി രൂപ മുതൽ മുടക്കിയാണ് രാമക്കൽമേട്ടിൽ ടൂറിസം പദ്ധതിയുടെ രണ്ടാം ഘട്ടം നിർമാണം പൂർത്തീകരിച്ചിരിക്കുന്നത്. പദ്ധതിയിൽ സഞ്ചാരികൾക്കായി
നടപ്പാത നിർമ്മാണം, ഫെൻസിങ്ങ് പാർക്കിംഗ്, ഇരിപ്പിടങ്ങൾ, സ്‌നാക് ബാർ പ്രതിമയ്ക്കു ചുറ്റുമുള്ള നവീകരണ ജോലികൾ, പൂന്തോട്ടവത്കരണം, സോളാർ ലൈറ്റിംഗ്, കൈവരികൾ, കുട്ടികളുടെ പാർക്ക് തുടങ്ങിയവ ഉൾപ്പെടുത്തിയിരിക്കുന്നു.
ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. മന്ത്രി എംഎം മണി മുഖ്യാതിഥിയായിരുന്നു. ടൂറിസം ഡയറക്ടർ പി ബാലകിരൺ റിപ്പോർട്ട് അവതരിപ്പിച്ചു. ടൂറിസം പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ് മുഖ്യ പ്രഭാഷണം നിർവഹിച്ചു.
പ്രാദേശികമായി രാമക്കൽമേട്ടിൽ സംഘടിപ്പിച്ച പരിപാടി ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം . ഉഷാകുമാരി ഉദ്ഘാടനം ചെയ്തു. കരുണാപുരം പഞ്ചായത്ത് പ്രസിഡന്റ് വിൻസി വാവച്ചൻ അദ്ധ്യക്ഷത വഹിച്ചു. ത്രിതല പഞ്ചായത്ത് അംഗങ്ങളായ വിജയകുമാരി എസ്, വിജിമോൾ വിജയൻ, ലതാ ഗോപൻ, ഡിടിപിസി സെക്രട്ടറി ഗിരീഷ് പിഎസ്, ഡിടിപിസി കമ്മറ്റിയംഗം ടിഎം ജോൺ തുടങ്ങിയവർ പങ്കെടുത്തു.
ഫോട്ടോ
രാമക്കൽമേട്ടിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാകുമാരി എം ശിലാഫലകം അനാച്ഛാദനം ചെയ്യുന്നു.