
തൊടുപുഴ: 10 വർഷക്കാലം തുടർച്ചയായി ജോലി ചെയ്ത എല്ലാ താത്കാലിക ജീവനക്കാരെയും സ്ഥിരപ്പെടുത്തുകയെന്നത് ഈ സർക്കാരിന്റെ തീരുമാനമാണെന്ന് വ്യവസായ മന്ത്രി ഇ.പി. ജയരാജൻ പറഞ്ഞു. തൊടുപുഴ മുട്ടം തുടങ്ങനാട് കിൻഫ്രയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന സ്പൈസസ് പാർക്കിന്റെ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഒരു സ്ഥാപനത്തിൽ പത്തും പതിനഞ്ചും വർഷം ജോലി ചെയ്തവരെ പിരിച്ചുവിടാൻ പറ്റുമോ. അവരുടെ കുടുംബം തകർക്കുന്നത് ശരിയാണോ. സ്ഥിരപ്പെടുത്തിയില്ലെങ്കിൽ അവർക്ക് പെൻഷനോ പി.എഫ് ആനുകൂല്യങ്ങളോ ലഭിക്കുമോ. അവരെ ആ ജോലിയിൽ സ്ഥിരിപ്പെടുത്തുകയല്ലേ പരിഹാരമാർഗം. ഇവരെയെല്ലാം തങ്ങൾ നിയമിച്ചതല്ല. ഇക്കൂട്ടത്തിൽ മുൻ സർക്കാരുകളുടെ കാലത്തടക്കം നിയമിച്ചവരുണ്ട്. അവരെയെല്ലാം രക്ഷിക്കാനുള്ള ചുമതല തങ്ങളിൽ നിക്ഷിപ്തമാണ്. ഈ തസ്തികകളിലൊന്നും പി.എസ്.സിക്ക് നിയമനം നടത്താവുന്നവയല്ല. ഇതെല്ലാം താത്കാലിക കരാർ വ്യവസ്ഥയിൽ ജോലി ചെയ്യുന്നവരാണ്. പി.എസ്.സിക്ക് വിടേണ്ട തസ്തികകളിലൊന്നും ഇങ്ങനെ നിയമനം നടത്താനാകില്ല. ഇതൊന്നും മനസിലാക്കാതെ ഇങ്ങനെ ജനോപകാരപ്രദമായ കാര്യങ്ങൾ ദുർബലപ്പെടുത്തിയിട്ട് എന്ത് നേടാനാണ്. ജനങ്ങളുടെ ജീവിതം കൊണ്ട് രാഷ്ട്രീയം കളിക്കണോ. തൊഴിലില്ലാത്തവരുണ്ടെന്നത് സത്യമാണ്. തങ്ങളുടെ ലക്ഷ്യം തൊഴിലില്ലാത്തവർക്കെല്ലാം ജോലി നൽകുകയെന്നതാണ്. തൊഴിൽ രഹിതരില്ലാത്ത കേരളം സൃഷ്ടിക്കുകയാണ് തങ്ങളുടെ രാഷ്ട്രീയ ജീവിതത്തിന്റെ ഒരു പ്രധാന ലക്ഷ്യം. നൂറു ദിന കർമ പരിപാടിയിലൂടെ 26,000 പേർക്ക് ഇതിനകം ജോലി നൽകി. വെറുതെ പറയുന്നതല്ല, ഇവരുടെയെല്ലാം പേരും വിവരങ്ങളും മുഖ്യമന്ത്രിയുടെ വെബ്പോർട്ടലിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.