
ചെറുതോണി : വാത്തിക്കുടി ഗ്രാമപഞ്ചായത്തിൽ ഏറെ തകർന്നു കിടന്ന മുരിക്കാശ്ശേരി രാജപുരം കീരിത്തോട് റോഡിന് 3 കോടി രൂപ കൂടി അനുവദിച്ചതോടെ റോഡിന് ശാപമോക്ഷം ഉറപ്പായി. ഇരുചക്ര വാഹനം പോലും പോകാത്തവിധം റോഡ് തകർന്നത്തോടെ കഴിഞ്ഞ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ജനകീയ സമിതി രൂപീകരിച്ചു സ്വന്തം സ്ഥാനാർത്ഥിയെ നിർത്തി വിജയിപ്പിച്ചായിരുന്നു പ്രദേശവാസികൾ പ്രതിഷേധിച്ചത്. റോഷി അഗസ്റ്റിൻ എംഎൽഎ റോഡ് ബിഎം ബിസി നിലവാരത്തിൽ നിർമ്മിക്കുമെന്ന് ഉറപ്പ് നൽകിയിരുന്നു. തുടർന്ന് അടിയന്തിര നവീകരണത്തിനായി പൊതുമരാമത്ത് വകുപ്പ് മുഖേന രണ്ട് റീച്ചുകളാക്കി 90 ലക്ഷം അനുവദിച്ചു. ഇതിന്റെ നിർമ്മാണ ഉദ്ഘാടനം നിശ്ചയിച്ചു മുന്നോട്ട് പോകുകയായിരുന്നു. എംഎൽഎ പൊതുമരാമത്തു മന്ത്രിയുമായി ചർച്ച നടത്തുകയും കഴിഞ്ഞ ബഡ്ജറ്റിൽ ഉൾപ്പെട്ട ഈ റോഡ് പൂർണ്ണമായും നിർമ്മിക്കുന്നതിന് ഫണ്ട് അഭ്യർത്ഥിക്കുകയും ചെയ്തു. ഇതിനെ തുടർന്ന് 3 കോടി രൂപ കൂടി അനുവദിക്കുകയായിരുന്നു. ഉദ്ഘാടന വേദിയിൽ 3 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്ന പ്രഖ്യാപനം നാടിനെ ഏറെ സന്തോഷത്തിലാക്കി. നാട്ടിലെ ഒട്ടുമിക്ക റോഡുകളും ആധുനിക നിലവാരത്തിലെത്തിയപ്പോളും ഈ റോഡ് തകർന്നു കിടന്നത് വാദപ്രതിവാദങ്ങൾക്ക് ഇടനൽകിയിരുന്നു.
മുരിക്കാശ്ശേരി പെരിയാർവാലി റോഡിന് കൂടി ഫണ്ട് അനുവദിച്ചിട്ടുള്ളതായും പ്രളയത്തിൽ തകർന്ന ഭാഗത്ത് സംരക്ഷണ ഭിത്തി നിർമ്മിക്കുന്നതിന് നടപടി പൂർത്തിയായിട്ടുള്ളതയും മറ്റ് വഴികളിലൂടെ ഗതാഗതം തിരിച്ചുവിട്ട് ഇടിഞ്ഞ ഭാഗത്തു സംരക്ഷണഭിത്തി നിർമ്മാണം ആരംഭിക്കാൻ കഴിയുമെന്നും എംഎൽഎ പറഞ്ഞു.
തേക്കിൻതണ്ട് ജംഗ്ഷനിൽ നടന്ന യോഗത്തിൽ വാർഡ് മെമ്പർ ബിജി തലച്ചിറ അദ്ധ്യക്ഷത വഹിച്ചു. രാജപുരം പള്ളി വികാരി ഫാ.ജിൻസ് കാരക്കാട്ട്, ജില്ലാ പഞ്ചായത്തംഗം ഷൈനി സജി, ബ്ലോക്ക് പഞ്ചായത്തംഗം സിബിച്ചൻ തോമസ്, സഹകരണ ബാങ്ക് പ്രസിഡന്റ് ഇ.എൻ ചന്ദ്രൻ, കുട്ടിയച്ഛൻ തറക്കുന്നേൽ, ജെയ്‌മോൻ വെട്ടുകാട്ടിൽ എന്നിവർ സംസാരിച്ചു.