തൊടുപുഴ: പെട്രോളിയം ഉത്പ്പന്നങ്ങൾക്ക് അനുദിനം വിലവർദ്ധിപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കുന്ന കേന്ദ്ര സർക്കാരിനെതിരെ ജനങ്ങളാകെ അണിനിരക്കണമെന്ന് സിപിഐ ജില്ലാ സെക്രട്ടറി കെ .കെ ശിവരാമൻ പറഞ്ഞു. പാചക വാതകത്തിന്റെ
സബ്‌സിഡിയാകെ നിർത്തലാക്കി. ഡീസലിനും പെട്രോളിനും ദിവസേന വില കൂട്ടിക്കൊണ്ടിരിക്കുന്നു. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിലിനു വില കുറയുമ്പോഴും ഇവിടെ വില കൂട്ടി ജനങ്ങളെ പിഴിഞ്ഞെടുക്കുകയാണ് കേന്ദ്ര സർക്കാർ. 50 രൂപയ്ക്ക് പെട്രോളും 40 രൂപയ്ക്ക് ഡീസലും നൽകുമെന്ന് ഉറപ്പ് നൽകി അധികാരത്തിൽ എത്തിയവരാണ് ബിജെപി.രാജ്യം തന്നെ കോർപ്പറേറ്റുകളുടെ സ്വകാര്യ സമ്പത്താണെന്നാണ് മോഡി ഭരണകൂടം കരുതുന്നത്. ജനങ്ങളെ എങ്ങിനെയെല്ലാം ദ്രോഹിക്കുമെന്നാണ് മോഡി സർക്കാർ ആലോചിക്കുന്നത്. ഇന്ത്യയിലെ സാധാരണ ജനങ്ങൾക്കും തൊഴിലാളികൾക്കും കൃഷിക്കാർക്കുമെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. മോഡി. കേന്ദ്ര സർക്കാരിന്റെ ഇന്ധനകൊള്ളയ്‌ക്കെതിരെ വൻ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ശിവരാമൻ പറഞ്ഞു.