jayarajan

തൊടുപുഴ: സംസ്ഥാന സർക്കാരിന്റെ ലക്ഷ്യബോധമുള്ള പ്രവർത്തനങ്ങളുടെ ഫലമായി കേരളം വ്യവസായ സൗഹൃദ സംസ്ഥാനമായി മാറിയെന്ന് മന്ത്രി ഇ.പി.ജയരാജൻ. മുട്ടത്ത് കിൻഫ്രയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന സ്‌പൈസസ് പാർക്കിന്റെ ശിലാസ്ഥാപനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു വ്യവസായമന്ത്രി.സുഗന്ധവ്യഞ്ജനങ്ങൾ സംഭരിക്കുക, സൂക്ഷിക്കുക അത് മൂല്യവർധിത ഉൽപ്പന്നങ്ങൾ ആക്കി കയറ്റുമതി ചെയ്യുക അതുപോലെ തന്നെ ഇവ ഉപയോഗിച്ചുകൊണ്ട് മരുന്നുകൾ ഉൾപ്പെടെയുള്ളവ നിർമ്മിക്കുക തുടങ്ങിയ സ്‌പൈസസ് പാർക്ക് വഴി നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്. കേരളത്തിൽ വ്യവസായം തുടങ്ങാനുള്ള എല്ലാ സഹായവും സർക്കാരിൽ നിന്ന് ലഭ്യമാക്കും. സ്വകാര്യ വ്യവസായ പാർക്കുകൾ സ്ഥാപിക്കാൻ ആഗ്രഹിക്കുന്നവർക്ക് പൊതുമേഖലയിൽ ലഭിക്കുന്നത് പോലെ തന്നെയുള്ള അടിസ്ഥാന സൗകര്യം ഒരുക്കി കൊടുക്കുന്നതോടൊപ്പം അവിടെ ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും ലഭ്യയമാക്കുന്നതിനുമുള്ള എല്ലാ സംവിധാനങ്ങളും ഏർപ്പെടുത്തി കൊണ്ടാണ് വ്യവസായ വകുപ്പ് പ്രവർത്തിച്ച് കൊണ്ടിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

മന്ത്രി എം.എം. മണി അദ്ധ്യക്ഷനായി. കേരളത്തിലെ പൊതുമേഖലയിൽ പുതിയ ഒരു ഉണർവ് നൽകാൻ സംസ്ഥാന സർക്കാരിന് കഴിഞ്ഞതായി മന്ത്രി പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ്, മുട്ടം ഗ്രാമ പഞ്ചായത്തംഗം കുട്ടിയമ്മ മൈക്കിൾ, കിൻഫ്ര മാനേജിംഗ് ഡയറക്ടർ സന്തോഷ് കോശി തോമസ്, കിൻഫ്ര ജനറൽ മാനേജർ (പ്ലാനിങ്) സുനിൽ ഗോപിനാഥൻ തുടങ്ങിയവർ പങ്കെടുത്തു.

12.5 കോടിയുടെ പദ്ധതി

മുട്ടത്ത് 15 ഏക്കർ സ്ഥലത്താണ് പാർക്ക് ഒരുങ്ങുന്നത്. സുഗന്ധ വ്യഞ്ജന മേഖലയിൽ പ്രീപ്രോസസിംഗ്, മൂല്യവർദ്ധന എന്നിവയെ ലക്ഷ്യമാക്കിയാണ് ഈ പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. 12.5 കോടി രൂപയുടേതാണ് പദ്ധതി. ക്ലസ്റ്റർ ഡെവലപ്‌മെന്റ് പദ്ധതി പ്രകാരം 5.77 കോടിരൂപ കേന്ദ്ര സഹായം ലഭിക്കും.അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസ് കെട്ടിടം, ഡോക്യുമെന്റേഷൻ സെന്റർ, കോൺഫറൻസ് ഹാൾ, ബാങ്ക് / പോസ്റ്റ് ഓഫീസ്, അസംസ്‌കൃതവസ്തുക്കൾ സൂക്ഷിക്കാനുള്ള സൗകര്യം, മാർക്കറ്റിംഗ് സൗകര്യങ്ങൾ, ക്യാന്റീൻ എന്നീ അടിസ്ഥാന സൗകര്യങ്ങൾ കിൻഫ്ര സജ്ജമാക്കും. ജലം, വൈദ്യുതി, ഇന്റേണൽ റോഡുകൾ, മലിനീകരണ നിയന്ത്രണ പ്ലാന്റ്, സ്ട്രീറ്റ് ലൈറ്റുകൾ, മഴവെള്ള സംഭരണി തുടങ്ങിയവയും തയ്യാറാക്കും. 20 പ്ലോട്ടുകളായാണ് പദ്ധതി വികസിപ്പിച്ചിട്ടുള്ളത്. സുഗന്ധ വ്യഞ്ജന തൈലങ്ങൾ, സുഗന്ധ വ്യഞ്ജന കൂട്ടുകൾ, ചേരുവകകൾ,കറിപ്പൊടികൾ, കറി മസാലകൾ, നിർജ്ജലീകരണം ചെയ്ത സുഗന്ധവ്യഞ്ജനങ്ങൾ,സുഗന്ധവ്യഞ്ജന പൊടികൾ, ഉണക്കിയ സുഗന്ധവ്യഞ്ജനങ്ങൾ ഫ്രീസ് ചെയ്യുക തുടങ്ങിയ സംരംഭങ്ങളാണ് ഇവിടെ പ്രതീക്ഷിക്കുന്നത്.