
മറയൂർ: പയസ് നഗർ മുതൽ കാന്തല്ലൂർ വരെയുള്ള റോഡ് വിവിധ ഭാഗങ്ങളിൽ തകർന്ന് യാത്രാദുരിതം വരുത്തത്തുന്നു. ലോക്ക്ഡൗണിന് ശേഷം വിനോദ സഞ്ചാരികളുടെ വരവ് വർദ്ധിച്ചിരിക്കുന്ന സാഹചര്യത്തിൽ ഈ റോഡിലൂടെ യാത്ര ചെയ്യുമ്പോൾ റോഡിനെ കുറിച്ചുള്ള പരിചയക്കുറവ് അപകടങ്ങൾ വർദ്ധിപ്പിക്കുന്നതിന് ഇടയാക്കുന്നുണ്ട്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മൂന്ന് ഇരുചക്ര വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്. യാത്രികർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. റോഡിന്റെ വശങ്ങളിൽ കുഴികളും നടു ഭാഗങ്ങൾ പൊട്ടിപ്പൊളിഞ്ഞ നിലയിലുമായതിനാൽ ഒരു വാഹനത്തിന് മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്യാനും കഴിയാറില്ല. രണ്ട് ദിവസം മുമ്പ് കാറുകൾ തമ്മിൽ കൂട്ടിമുട്ടിയത് സംഘർഷത്തിനും കാരണമായി. കാന്തല്ലൂരിലേക്കുള്ള കുത്തനെയുള്ള റോഡായതിനാൽ പൊട്ടിപ്പൊളിഞ്ഞ ഭാഗത്തിൽ വാഹനങ്ങൾ കയറ്റുമ്പോഴാണ് കൂടുതൽ അപകടങ്ങൾ ഉണ്ടാകുന്നത്. റോഡ് നിർമ്മാണത്തിനായി പദ്ധതി തുക വകയിരുത്തിയതായി അറിവുണ്ടെങ്കിലും നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടില്ലെന്നാണ് സമീപവാസികൾ പറയുന്നത്.
''റോഡ് നിർമ്മാണത്തിനായി ഏഴുകോടി അനുവദിച്ചിട്ടുണ്ട്. മറയൂർ- കാന്തല്ലൂർ റോഡ് 15 കിലോമീറ്റർ ബി.എം.ബി.സി ടാറിങ് നടത്തും. ആദ്യഘട്ടമായി പാച്ച് വർക്ക് നടത്തും"
- എസ്. രാജേന്ദ്രൻ എം.എൽ.എ