
നിങ്ങളുടെ ഒരു പരിചയക്കാരന്റെ സൗഹൃദ അഭ്യർത്ഥന ഫേസ്ബുക്കിൽ വരുന്നു. ഫോട്ടോയും മറ്റും അദ്ദേഹത്തിന്റെ തന്നെ. നിങ്ങളുടെ ചില ഫേസ്ബുക്ക് സുഹൃത്തുകൾ അദ്ദേഹത്തിന്റെ സൗഹൃദപട്ടികയിലുണ്ട്. സ്വാഭാവികമായും നിങ്ങൾ ആ അഭ്യർത്ഥന സ്വീകരിക്കും. അൽപ്പ സമയം കഴിഞ്ഞ് ഇതേ ഐഡിയിൽ നിന്ന് നിങ്ങൾക്ക് മെസെഞ്ചർ വഴി സന്ദേശം വരും. ആദ്യം പരിചയം പുതുക്കും. പിന്നീട് ഗൂഗിൾ പേയോ ഫോൺ പേയോ ഉണ്ടോയെന്ന് ചോദിക്കും. ഉണ്ടെന്നാണ് മറുപടിയെങ്കിൽ ഉടൻ അടുത്ത സന്ദേശമെത്തും. വളരെ അടിയന്തര സാഹചര്യമാണെന്നും ഒരു 10,000 രൂപ തന്ന് സഹായിക്കണമെന്നും അഭ്യർത്ഥിക്കും. തന്റെ ഒരു ബന്ധുവിന്റെ ഫോൺ നമ്പർ തരാമെന്നും ഈ നമ്പറിലേക്ക് എത്രയും വേഗം പണം അയക്കണമെന്നും ആവശ്യപ്പെടും. സുഹൃത്തിന് എന്തോ അത്യാവശ്യമാണെന്ന് കരുതി ആ നമ്പറിലേക്ക് പണം അയച്ചാൽ നിങ്ങളും ഓൺലൈൻ തട്ടിപ്പുകാരുടെ മറ്റൊരു ഇരയായി മാറും. ഇടുക്കി ജില്ലയിലടക്കം അടുത്തിടെ റിപ്പോർട്ട് ചെയ്യുന്ന പുതിയ ഇനം ഓൺലൈൻ തട്ടിപ്പാണിത്. നമ്മുടെ സൗഹൃദപട്ടികയിലുള്ളയാളുടെ അതേ
ഫേസ്ബുക്ക് ഐഡി വ്യാജമായി നിർമിച്ച ശേഷമാണ് ഈ തട്ടിപ്പ് നടത്തുന്നത്. തൊടുപുഴയിലെ ഒരു പ്രമുഖ വ്യാപാരിയുടെ പേരിൽ തട്ടിപ്പുകാർ നിർമിച്ച വ്യാജ ഫേസ്ബുക്ക് പ്രൊഫൈലിൽ നിന്ന് നിരവധി പേർക്ക് പണം ചോദിച്ച് അഭ്യർത്ഥന ചെന്നിരുന്നു. തൊടുപുഴ നഗരസഭാ കൗൺസിലറടക്കമുള്ളവർക്ക് ഇത്തരം സന്ദേശം ലഭിച്ചു. ഭാഗ്യത്തിന് ആർക്കും പണം നഷ്ടപ്പെട്ടിട്ടില്ലെന്നാണ് വിവരം. ഇത്തരം നിരവധി ഓൺലൈൻ തട്ടിപ്പുകൾ ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നുണ്ടെന്ന് സൈബർ സെൽ സ്ഥിരീകരിക്കുന്നു.
മിസ്കാൾ മുതൽ ഹണിട്രാപ്പ് വരെ
താങ്കൾക്കൊരു പാഴ്‌സലുണ്ടെന്നും അത് ഡെലിവറി ചെയ്യുന്നതിന് ഫോണിലേക്ക് വരുന്ന ഒ.ടി.പി നൽകണമെന്നും ആവശ്യപ്പെട്ടുള്ള തട്ടിപ്പ് ഇപ്പോഴും സജീവമാണ്. ഒ.ടി.പി നൽകിയാൽ അക്കൗണ്ടിലെ പണം മുഴുവൻ നഷ്ടമാകും. ഹണി ട്രാപ്പാണ് ഓൺലൈൻ തട്ടിപ്പിന്റെ പുതുരീതി. ആദ്യം മെസേജിലൂടെ സൗഹൃദം സ്ഥാപിക്കുന്ന യുവതി വീഡിയോ കോളിന് ക്ഷണിക്കും. വീഡിയോ കോളിലെത്തിയാൽ അങ്ങേത്തലയ്ക്കൽ നഗ്നയായ സ്ത്രീ പ്രത്യക്ഷപ്പെടും. നിങ്ങളുടെ മുഖമടങ്ങുന്ന സ്‌ക്രീൻ ഷോട്ടുകളെടുക്കും. പിന്നെ അതു സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിക്കും. കമ്പ്യൂട്ടറിലോ ലാപ്ടോപ്പിലോ എത്തുന്ന പരിചിതമല്ലാത്ത ഇ- മെയിലുകൾ തുറന്നാൽ ഹാക്കർമാരുടെ പിടിയിലകപ്പെടാം. നമ്മൾ പോലും അറിയാതെ സിസ്റ്റത്തിലെ വിലപ്പെട്ട വിവരങ്ങൾ ശേഖരിച്ച ശേഷം മടക്കി നൽകാൻ പണം ആവശ്യപ്പെടും. ഡേറ്റ തിരിച്ചുകിട്ടില്ലെന്നു മനസിലാവുന്നതോടെ പണം നൽകാൻ നിർബന്ധിതരാവുന്നു. സ്റ്റുഡിയോ ഉടമകളെ പോലുള്ളവരാണ് ഇത്തരം തട്ടിപ്പുകൾക്ക് കൂടുതലും ഇരയാവുന്നത്. അജ്ഞാത ഫോൺ നമ്പറുകളിൽ നിന്നു വരുന്ന മിസ്ഡ് കോൾ നിങ്ങളെ ചതിക്കുഴിയിൽ വീഴ്ത്താം. ചിലപ്പോൾ കോൾ എടുത്താൽ അങ്ങേ തലയ്ക്കൽ സ്ത്രീ ശബ്ദം കേൾക്കാം. ഹലോ പറഞ്ഞ ശേഷം കോൾ കട്ടാകും. ഒന്നോ രണ്ടോ റിങ്ങുകളിൽ ഫോൺ കോൾ കട്ടാകുമ്പോൾ പലരും തിരിച്ചുവിളിക്കുക പതിവാണ്. തിരിച്ചു വിളിച്ചാൽ സെക്കൻഡുകൾക്കകം മൊബൈൽ ഫോണിലെ വിവരങ്ങളെല്ലാം ചോർത്തും. ഒരാൾക്കല്ല, ഒരേസമയം പതിനായിരക്കണക്കിനു പേർക്ക് ഇത്തരത്തിൽ മിസ്ഡ് കോൾ പോകും. അവരിൽ 1000 പേരെങ്കിലും തിരിച്ചു വിളിക്കുമെന്നതും ഉറപ്പ്. തിരിച്ചു വിളിക്കുമ്പോഴാണു തട്ടിപ്പിന്റെ വ്യാപ്തി വ്യക്തമാകുക. സോമാലിയായിൽ നിന്ന് 00252 ൽ തുടങ്ങുന്ന നമ്പറുകളിൽ നിന്നാണ് നിരവധി പേർക്ക് ഇത്തരം ഫോൺ കോളുകൾ വരുന്നതെന്നാണ് പൊലീസിൽ നിന്ന് ലഭിക്കുന്ന വിവരം.
ആബാലവൃദ്ധ ജനങ്ങളും ഓൺലൈനിലുള്ള ഇക്കാലത്ത് ജാഗ്രത പാലിച്ചില്ലെങ്കിൽ ആർക്കും പണം നഷ്ടപ്പെടാകുന്ന സാഹചര്യമാണ്. ഭൂരിഭാഗം കേസുകളിലും പരാതി നൽകിയാലും പൊലസിനോ സൈബർ സെല്ലിനോ കാര്യമായി ഒന്നും ചെയ്യാനാകുന്നില്ല. എവിടെ നിന്നാണ് തട്ടിപ്പ് നടത്തുന്നതെന്ന് കണ്ടെത്താനാകാത്ത വിധം വിദഗ്ദ്ധരായ ഹാക്കർമാരാണ് തട്ടിപ്പിന് പിന്നിൽ. അതുകൊണ്ട് തട്ടിപ്പിനെക്കുറിച്ച് നാം സ്വയം ബോധവാന്മാരായിരിക്കുകയെന്നത് മാത്രമാണ് പോംവഴി. പരിചയക്കാർ ഫേസ്ബുക്ക് പോലുള്ള സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ പണം ചോദിച്ചാൽ നേരിട്ട് വിളിച്ച് ഉറപ്പ് വരുത്തിയ ശേഷം മാത്രം നൽകുക. പരിചിതമില്ലാത്ത ഇ- മെയിലുകൾ തുറക്കാതിരിക്കുക. ബാങ്കുകളുടെയും മറ്റും ഇ- മെയിലുകളാണെങ്കിൽ വിളിച്ച് ഉറപ്പ് വരുത്തിയ ശേഷം തുറക്കുക. പരിചിതമല്ലാത്ത കോളുകളിൽ നിന്നുള്ള വീഡിയോ കോളുകൾ എടുക്കാതിരിക്കുക. ഒരു നിമിഷം പോലും ഓഫ്‌ലൈനിലാകാനാകാത്ത ഇക്കാലത്ത് ഇങ്ങനെയൊക്കെയേ പുതിയകാല തട്ടിപ്പുകളിൽ നിന്ന് ഒഴിഞ്ഞ് നിൽക്കാനാകൂ.