മറയൂർ: കാന്തല്ലൂർ പുതുവെട്ടിൽ സ്വകാര്യ വ്യക്തികളുടെ പട്ടയ ഭൂമിയിൽ നിന്ന തൈല പുൽ കൃഷി വനംവകുപ്പ് തീയിട്ട് നശിപ്പിച്ചതായി പരാതി. പുതുവെട്ടിൽ മുനിയാണ്ടി, മണി, ആദി രാജൻ എന്നിവരുടെ കൃഷിയാണ് വനംവകുപ്പ് തീയിട്ട് നശിപ്പിച്ചതായി പരാതിയുർന്നത്. 10 ഏക്കറിലധികം തൈല പുൽ കൃഷി നശിപ്പിച്ചതായാണ് കർഷകർ പറയുന്നത്. വനാതിർത്തിയിൽ നിന്ന് രണ്ടു കിലോമീറ്റർ അകലെയാണ് ഇവരുടെ പട്ടയഭൂമികൾ. കാട്ടുതീ തടയുന്നതുമായി ബന്ധപ്പെട്ടാണ് വനംവകുപ്പ് തീയിട്ട് നശിപ്പിച്ചതെന്ന് സ്ഥലമുടമകൾ പറയുന്നു. അതേസമയം ഇ.എഫ്.എലായി നോട്ടിഫൈ ചെയ്തിട്ടുള്ള അതിർത്തിയിലൂടെയാണ് കാട്ടുതീ തടയുന്നതിന്റെ ഭാഗമായി അതിർത്തി തിരിച്ച് തീയിട്ടു വരുന്നതെന്ന് കാന്തല്ലൂർ റേഞ്ച് ഓഫീസർ ആർ. അതീഷ് പറഞ്ഞു.