തൊടുപുഴ : പ്രസവ വേദന കൊണ്ട് പുളഞ്ഞ ആദിവാസി യുവതിയെ ആശുപത്രിയിലെത്തിക്കാൻ ആശാവർക്കർക്ക് വാഹനം കിട്ടിയില്ലെന്ന പരാതിയെ കുറിച്ച് അന്വേഷിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്.
കുമളി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ പരാതിയെ കുറിച്ച് വിശദമായ പരിശോധന നടത്തി മാർച്ച് 9 നകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു. കേസ് മാർച്ച് 19 ന് പരിഗണിക്കും.
കുമളി മണ്ണാകുടി ആദിവാസി കോളനിയിലാണ് സംഭവം നടന്നത്. ആശുപത്രിയിൽ പോകാൻ വാഹനം കിട്ടാതെ വന്നതോടെ പ്രസവം വീട്ടിൽ നടന്നു. ആശാവർക്കർ ആമ്പുലൻസിനായി പൊലീസിനെ സമീപിച്ചിട്ടും ഫലമുണ്ടായില്ല. കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ വീട്ടിൽ എത്തിച്ചാണ് വിനീതയെയും കുഞ്ഞിനെയും ആശുപത്രിയിലേക്ക് മാറ്റിയത്.
കുമളി കുടുംബാരോഗ്യ കേന്ദ്രത്തിന് സ്വന്തമായി ആമ്പുലൻസ് ഇല്ലാത്തതാണ് പരാതിക്ക് കാരണമെന്ന് മനുഷ്യാവകാശ പ്രവർത്തകനായ ഡോ. ഗിന്നസ് മാടസാമി സമർപ്പിച്ച പരാതിയിൽ പറയുന്നു.