ഏഴല്ലൂർ: പട്ടയത്തിന് എണ്ണമറ്റ ഉപാധികൾ നിരത്തി കുട്ടിവനം നിവാസികളുടെ ഭൂമിയുടെ അവകാശികളാകുകയെന്ന സ്വപ്നം റവന്യു ഉദ്യോഗസ്ഥർ അട്ടിമറിക്കുന്നു. ഇതോടെ നാലര പതിറ്റാണ്ടിലേറെയായുള്ള ഏഴല്ലൂർ കുട്ടിവനം നിവാസികളുടെ പട്ടയത്തിനായുള്ള കാത്തിരിപ്പാണ് നീളുന്നത്. 1971 മുതൽ ഏഴല്ലൂർ കുട്ടിവനം മേഖലയിൽ സ്ഥിരതാമസമാക്കിയ 319 കുടുംബങ്ങൾക്ക് കഴിഞ്ഞ വർഷം ജനുവരിയിൽ പട്ടയം നൽകാൻ സർക്കാർ തീരുമാനിച്ചിരുന്നു. ഇതിന് മുന്നോടിയായി വനം റവന്യുവകുപ്പുകളുടെ സംയുക്ത പരിശോധനയും സർവേയും പൂർത്തിയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പട്ടയമേളയിൽ കോടിക്കുളം വില്ലേജിലെ അറുപതോളം കുടുംബങ്ങൾക്ക് മാത്രം പട്ടയം ലഭിച്ചു. കുമാരമംഗലം വില്ലേജിലെ ആർക്കും ഇതുവരെ പട്ടയം ലഭിച്ചിട്ടില്ല. ഓരോ ഉപാധികൾ നിരത്തിയാണ് ബാക്കിയുള്ളവർക്ക് സർക്കാർ പട്ടയം നിഷേധിക്കുന്നത്. ഉപാധിരഹിത പട്ടയം നൽകുമെന്നായിരുന്നു സർക്കാർ വാഗ്ദാനം. എന്നാൽ നിരവധി ഉപാധികളുള്ള 'അൺഒക്കുപൈഡ് ലാൻഡ് "എന്ന വിഭാഗത്തിലാണ് ഇവർക്ക് പട്ടയം നൽകുന്നത്. സാധാരണ സർക്കാർ ഏറ്റെടുത്ത് നൽകുന്ന ഭൂമികളാണ് 'അൺഒക്കുപൈഡ് ലാൻഡ് " എന്ന വിഭാഗത്തിൽ ഉൾപ്പെടുന്നത്. അമ്പത് വർഷം മുമ്പ് വനഭൂമിയിൽ കുടിയേറിയ കുട്ടിവനം നിവാസികളെ ഈ ഗണത്തിൽപ്പെടുത്താനാകില്ല. എന്നാൽ ചില ഉദ്യോഗസ്ഥരുടെ താത്പര്യപ്രകാരം കുട്ടിവനം 'അൺഒക്കുപൈഡ് ലാൻഡി"ൽ ഉൾപ്പെടുത്തിയതിനാൽ 12 വർഷത്തേക്ക് ഈ ഭൂമി കൈമാറ്റം ചെയ്യാൻ പാടില്ല. ഒരു ലക്ഷം രൂപയിൽ കൂടുതൽ വാർഷിക വരുമാനമുള്ള കുടുംബങ്ങൾക്ക് പട്ടയം നൽകുകയുമില്ല. ഒരേക്കർ വരെ ഭൂമിക്ക് മാത്രമാണ് പട്ടയം നൽകുന്നത്. അതിൽ കൂടുതൽ ഭൂമിയുള്ളവർക്ക് ഒരേക്കർ കഴിഞ്ഞുള്ള സ്ഥലത്തിന് പട്ടയം നൽകുന്നില്ല. ഇത്തരത്തിൽ കുമാരമംഗലം, കോടിക്കുളം വില്ലേജുകളിലെ 250ലേറെ പേർക്കാണ് പട്ടയം നിഷേധിക്കുന്നത്. ഇതിനെതിരെ ഏഴല്ലൂർ കുട്ടിവനം ഭൂസംരക്ഷണ സമിതി കൺവീനർ കെ.കെ. മനോജിന്റെയും ചെയർമാൻ വി.എൻ. രാജന്റെയും ജില്ലാ കളക്ടർക്കും സാന്ത്വനം സ്പർശം പരാതി പരിഹാര അദാലത്തിലും പരാതി നൽകിയിട്ടുണ്ട്. 16ന് നടക്കുന്ന അദാലത്തിൽ പരാതി പരിഗണിക്കപ്പെടുമെന്നാണ് ഇവർ പ്രതീക്ഷിക്കുന്നത്.
''മന്ത്രി എം.എം. മണിയുടെ സജീവ ഇടപെടലിൽ കുട്ടിവനം നിവാസികൾക്ക് ഉപാധിരഹിത പട്ടയം നൽകാൻ തീരുമാനമായത്. എന്നാൽ തൊടുപുഴ താലൂക്കിലെ ചില ഉദ്യോഗസ്ഥരാണ് ഇത് അട്ടിമറിക്കുന്നത്."
-ഭൂസംരക്ഷണ സമിതി കൺവീനർ കെ.കെ. മനോജ്
''ഉപാധി രഹിത പട്ടയം തന്നെയാണ് നൽകേണ്ടത്. കുട്ടിവനം നിവാസികളുടെ കാര്യത്തിൽ എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കും."
-എച്ച്. ദിനേശൻ (ഇടുക്കി ജില്ലാ കളക്ടർ)
പട്ടയം ശരിയാക്കിയത് മന്ത്രി മണി
അമ്പത് വർഷങ്ങൾക്ക് മുമ്പ് കുട്ടിവനത്തിൽ കുടിയേറിയവരുടെ രണ്ടാംതലമുറയാണ് ഇപ്പോൾ ഇവിടെ താമസിക്കുന്നത്. 2019 ജനുവരി 26ന് ജില്ലാ കളക്ടർ എച്ച്. ദിനേശൻ പങ്കെടുത്ത ഒരു പരിപാടിയിലാണ് നാട്ടുകാർ പട്ടയ വിഷയം കളക്ടറുടെ മുന്നിൽ അവതരിപ്പിച്ചത്. ജില്ലാ കളക്ടർ ഇക്കാര്യം മന്ത്രി എം.എം. മണിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നു. മന്ത്രി മണി ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രദ്ധയിൽപ്പെടുത്തിയതോടെ അടിയന്തിര നടപടി സ്വീകരിക്കാൻ റവന്യുവകുപ്പിന് നിർദ്ദേശം നൽകി. തുടർന്ന് മന്ത്രി ഇ. ചന്ദ്രശേഖരൻ നേരിട്ട് കാര്യങ്ങൾ വിലയിരുത്തിയതോടെയാണ് ഒരു മാസത്തിനകം നടപടികൾ പൂർത്തിയായത്.