ചെറുതോണി : കേന്ദ്രസർക്കാരിന്റെ സങ്കര വൈദ്യനയത്തിനെതിരെ ഐ.എം.എ കേരള ഘടകം പ്രഖ്യാപിച്ച സമരത്തിന്റെ ഭാഗമായി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ നാളെ രാവിലെ എട്ടുമുതൽ വൈകിട്ട് ആറുവരെ ചെറുതോണിയിൽ നിരാഹാര സമരം നടത്തുമെന്ന് ജില്ലാ ചെയർമാൻ ഡോ. മുരകേശൻ, കൺവീനർമാരായ ഡോ. സി.വി ജേക്കബ്, ഡോ. സോണി തോമസ് എന്നിവർ അറിയിച്ചു. കേന്ദ്ര സർക്കാരിന്റെ സെൻഡറൽ കൗൺസിൽ ഓഫ് ഇന്ത്യൻ മെഡിസിന്റെ നോട്ടിഫിക്കേഷൻ പ്രകാരം ആയുർവേദ ഡോക്ടർമാർക്ക് അൻപത്തെട്ടോളം ശസ്ത്രക്രിയകൾ നടത്താൻ അനുവാദം നൽകിയിരിക്കുന്നത് ചികിത്സാരംഗത്ത് വൻ പ്രതിസന്ധികളുണ്ടാക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. . രോഗിക്ക് അനസ്‌ത്യേഷയും ഓപ്പറേഷനശേഷം അണുബാധയുണ്ടാകാതിരിക്കുവാനുള്ള ആന്റിബയോട്ടിക് ചികിത്സയും ആയുർവേദ ത്തിൽ നിലവിലില്ല. ആയുർവേദത്തിൽ നാലരവർഷത്തെ പഠനത്തിനശേഷം പുറത്തിറങ്ങുന്ന ഡോക്ടർമാർക്ക് ഓപ്പറേഷനനുവാദം നൽകിയാൽ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാകുമെന്നും രോഗികളുടെ ജീവൻ പണയംവെച്ചുള്ള പരീക്ഷണമാകുമെന്നും ഡോക്ടർമാർ പറയുന്നു. . നിരാഹാര സമരം വൈസ് പ്രസിഡന്റ് ഡോ. എബ്രാഹാം സി പീറ്റർ ഉദ്ഘാടനം ചെയ്യും. തൊടുപുഴ, അടിമാലി, മൂന്നാർ കട്ടപ്പന, നെടുങ്കണ്ടം വണ്ടിപ്പെരിയാർ ബ്രാഞ്ചുകളിൽ നിന്നുള്ള ഡോക്ടർമാർ സമരത്തിൽ പങ്കെടുക്കും.