ഇടുക്കി: സംസ്ഥാനത്തെ നാലാമത്തെ ഗവ. ആയുർവേദ മെഡിക്കൽകോളേജ് ഉടുമ്പൻ ചോല നിയോജകമണ്ഡലത്തിൽ ആരംഭിക്കുന്നതിന് പ്രാരംഭ പ്രവർത്തനങ്ങളായി. ആയുർവേദ മെഡിക്കൽ കോളേജ് ആരംഭിക്കുന്നതിന് ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് സ്ഥലം അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. 20.82 ഏക്കർ സ്ഥലമാണ് ആയുർവേദ മെഡിക്കൽ കോളേജിനായി അനുവദിക്കുന്നത്. ഇതിന്റെ ഭാഗമായി ആശുപത്രിയുടെ നിർമ്മാണമാണ് ആദ്യം ആരംഭിക്കുന്നത്. കഴിഞ്ഞ സംസ്ഥാന ബഡ്ജറ്റിൽ മെഡിക്കൽകോളേജ് സംബന്ധിച്ച് പ്രഖ്യാപനം നടത്തിയിരുന്നു. ഇടുക്കിയിൽ ആയുർവേദ മെഡിക്കൽ കോളേജ് ആരംഭിക്കുന്നതോടെ ഇടുക്കിയിലേയും സമീപ ജില്ലകളിലേയും ജനങ്ങൾക്ക് ഏറെ സഹായകരമാണെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് തിരുവനന്തപുരം, തൃപ്പുണ്ണിത്തുറ, കണ്ണൂർ എന്നീ 3 സർക്കാർ ആയുർവേദ കോളേജുകളാണ് നിലവിലുള്ളത്. നാലാമത്തെ സർക്കാർ മേഖലയിലുള്ള ആയുർവേദ കോളേജാണ് ഉടുമ്പൻചോല നിയോജകമണ്ഡലത്തിലെ നെടുങ്കണ്ടത്ത് സ്ഥാപിക്കുന്നത്.
മലയോര മേഖലയുടെ വികസനം കൂടി മുഖവിലയ്‌ക്കെടുത്താണ് ഇടുക്കിയിൽ ആയുർവേദ മെഡിക്കൽ കോളേജ് ആരംഭിക്കുന്നത്. ഈ കോളേജ് സ്ഥാപിക്കുന്നതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾക്ക് രണ്ട് കോടി രൂപ അനുവദിച്ചിരുന്നു. അടുത്ത സാമ്പത്തിക വർഷത്തിലെ ബഡ്ജറ്റിൽ ഒരു കോടി രൂപയും അനുവദിച്ചിട്ടുണ്ട്. ഈ പദ്ധതിയുടെ മാസ്റ്റർപ്ലാൻ തയ്യാറാക്കുന്നതിനായി കേന്ദ്ര സർക്കാർ ഏജൻസിയായ വാപ്‌കോസ് എന്ന സ്ഥാപനത്തെ ചുമതലപ്പെടുത്തിട്. കോളേജിനോടനുബന്ധിച്ച് സ്ഥാപിക്കുന്ന കൊളീജിയേറ്റ് ആശുപത്രിയിൽ എല്ലാ സ്‌പെഷ്യാലിറ്റി ചികിത്സകൾക്കുള്ള സൗകര്യം ഉണ്ടാക്കും. ആധുനിക സജ്ജീകരണങ്ങളോട് കൂടിയ കോളേജും ആശുപത്രിയുമാണ് ഇവിടെ ആരംഭിക്കാൻ ഉദ്ദേശിച്ചിരിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.