മൂന്നാർ: പെട്ടിമുടി ദുരന്തബാധിതർക്കായി കുറ്റിയാർവാലിയിൽ പണി കഴിപ്പിച്ച വീടുകളുടെ താക്കോൽദാനം ഞായറാഴ്ച നടക്കും. മന്ത്രി എം എം മണി കുറ്റിയാർവാലിയിൽ വച്ച് താക്കോൽദാന ചടങ്ങ് നിർവ്വഹിക്കും. അന്ന് രാവിലെ 9ന് മൂന്നാർ ടീ കൗണ്ടിയിൽ വച്ചു നടക്കുന്ന ചടങ്ങിൽ റവന്യു മന്ത്രി ഇ ചന്ദ്രശേഖരൻ, തൊഴിൽവകുപ്പു മന്ത്രി റ്റി പി രാമകൃഷ്ണൻ തുടങ്ങിയവർ ഓൺലൈനായി സംബന്ധിക്കും. എസ് രാജേന്ദ്രൻ എംഎൽഎചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും. ഇതിന് ശേഷമാകും മന്ത്രി എം എം മണി കുറ്റിയാർവാലിയിലെത്തി കുടുംബങ്ങൾക്ക് താക്കോലുകൾ കൈമാറുക. കുറ്റിയാർവാലിയിൽ സർക്കാർ അനുവദിച്ച ഭൂമിയിൽ കണ്ണൻ ദേവൻ പ്ലാന്റേഷൻ കമ്പനിയാണ് വീടിന്റെ പണികൾ പൂർത്തികരിച്ചിട്ടുള്ളത്.
ദുരന്തത്തിൽ വീട് പൂർണ്ണമായും നഷ്ടപ്പെട്ട എട്ട് കുടുംബങ്ങൾക്കാണ് വീട് നിർമ്മിച്ചു നൽകുന്നത്. ശരണ്യ അന്നലക്ഷ്മി, സരസ്വതി, സീതാലക്ഷ്മി,ദീപൻ ചക്രവർത്തി പളനിയമ്മ, ഹേമലത ഗോപിക, കറുപ്പായി, മുരുകേശ്വരി മാലയമ്മാൾ എന്നിവർക്കാണ് വീട് നിർമ്മിച്ചു നൽകുന്നത്.
ദുരന്തശേഷം നവംബർ 1 നാണ് വീടിനായുള്ള തറക്കല്ലിട്ട് നിർമ്മാണജോലികൾക്ക് തുടക്കം കുറിച്ചത്. മന്ത്രി എം എം മണി തന്നെയായിരുന്നു തറക്കല്ലിടൽ കർമ്മം നിർവ്വഹിച്ചതും.പെട്ടിമുടിയിൽ ദുരന്ത ബാധിതരുടെ പുനരധിവാസം സാധ്യമാക്കാൻ വിവിധ സർക്കാർ വകുപ്പുകൾ വേഗതയാർന്ന പ്രവർത്തനങ്ങളായിരുന്നു കഴിഞ്ഞ ആറ് മാസമായി നടത്തി വന്നിരുന്നത്.