തൊടുപുഴ: മലങ്കര എസ്റ്റേറ്റ് അധൃകൃതർ മുട്ടം ഇല്ലിചാരി- തോണിക്കുഴി ദളിത് കോളനിയിലേക്കുള്ള റോഡിന് കുറകെ സ്ഥാപിച്ചിരിക്കുന്ന ജാതിഗേറ്റ് എടുത്തുമാറ്റും വരെ പ്രക്ഷോഭം ശക്തമാക്കുമെന്ന് ഭീം ആർമി നേതാക്കൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 1993ൽ സർക്കാർ നൽകിയ ഭൂമിയിലാണ് കോളനി സ്ഥാപിച്ചിരിക്കുന്നത്. എസ്.ജി.ആർ.വൈ പദ്ധതിപ്രകാരം കോളിനിയിലേക്ക് റോഡും പണിതു. എന്നാൽ, എസ്റ്റേറ്റുകാർ ഈ വഴി അടയ്ക്കുകയായിരുന്നു. പ്രക്ഷോഭത്തെ തുടർന്ന് ഗേറ്റ് തുറന്ന് നൽകാൻ കളക്ടർ ഉത്തരവിട്ടു. എന്നാൽ, ഈ ഉത്തരവ് കളക്ടർ പരാതിക്കാർക്ക് നൽകാതെ എസ്റ്റേറ്റ് അധികൃതർക്ക് അയച്ചുകൊണ്ട് കോടതിയിൽ നിന്ന് ഇൻജങ്ഷൻ വാങ്ങുന്നതിനുള്ള സാഹചര്യം ഒരുക്കിയെന്നും നേതാക്കൾ പറഞ്ഞു. ഇതിനെതിരെ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുമെന്നും പറഞ്ഞു. വാർത്താസമ്മേളനത്തിൽ സംസ്ഥാന ചീഫ് റോബിൻ ആലപ്പുഴ, ജനറൽ സെക്രട്ടറി പി.ടി. പ്രെയിസ്, ജോ. സെക്രട്ടറി ശ്രീജിത് ജിത്തു, എക്‌സി. അംഗം ശ്യാം എസ്.ഗോപൻ എന്നിവർ പങ്കെടുത്തു.