
ചെറുതോണി: റോഡരികിലെ അനധികൃത വാഹന പാർക്കിംഗ് ജില്ലാ ആസ്ഥാനം ഉൾപ്പെടുന്ന ചെറുതോണി ടൗണിന് ശാപമായി മാറി. അനധികൃത പാർക്കിങ്ങിന്റെ മുനയൊടിക്കാൻ വേണ്ടി പഞ്ചായത്ത് ജനപ്രതിനിധികളെയും വ്യാപാരികളെയും വിളിച്ചുവരുത്തി കമ്മിറ്റി രൂപീകരിച്ചു എങ്കിലും നടപടി എങ്ങുമെത്താതെ അവസാനിച്ചു. ഫുട്പാത്തിൽ ഉടനീളം ബൈക്കും കാറുകളും പാർക്ക് ചെയ്തതു മൂലം യാത്രക്കാർ വാഹന തിരക്കേറിയ റോഡിലൂടെയാണ് സഞ്ചരിക്കുന്നത്. പിന്നിൽ നിന്നും നിയന്ത്രണം വിട്ടു വന്ന കാർ ഇടിക്കാതെ അത്ഭുതകരമായാണ് ഇന്നലെ പുലർച്ചെ വഴിയാത്രക്കാരി രക്ഷപ്പെട്ടത്.
കൊച്ചുകുട്ടികളുമായി ടൗണിൽ ഇറങ്ങുന്ന കാൽനടയാത്രക്കാർ ഏതുനിമിഷവും അപകടം സംഭവിക്കാം എന്ന ഭീതിയോടെയാണ് റോഡിലൂടെ നടന്നു നീങ്ങുന്നത്. റോഡിന്റെ ഒരു വശം പൂർണമായും ഉയർത്തി നിർമ്മിച്ച് പ്രശ്‌നത്തിന് ശാശ്വത പരിഹാരം കണ്ടെത്തണമെന്ന ആവശ്യവുമായി വ്യാപാരികളും രംഗത്തെത്തി.ചെറുതോണിയിലെ ട്രാഫിക്ക് സുരക്ഷയ്ക്ക് പൊലീസും ജനപ്രതിനിധികളും ഇടപെടണമെന്ന ആവശ്യം ശക്തമാണ്.