തൊടുപുഴ: കേന്ദ്ര - സംസ്ഥാന സർക്കാരുളുടെ നിയമങ്ങളും ചട്ടങ്ങളും തങ്ങൾക്ക് ബാധകമല്ല ,അതെല്ലാം സാധാരണക്കാരായ ജനങ്ങൾക്ക് മാത്രമുള്ളതാണ് എന്ന രീതിയിലാണ് സർക്കാരിന്റെ തന്നെ ഭാഗമായിട്ടുള്ള ചില ഉദ്യോഗസ്ഥരുടെ ഭാവം. ആവശ്യം ഉള്ളതിനും ഇല്ലാത്തതിനുമെല്ലാം സാധാ ജനത്തിന്റെ വാഹനങ്ങൾ റോഡിൽ തടഞ്ഞ് നിർത്തി പിഴയും കൂട്ട് പിഴയും അടപ്പിച്ച് ജനത്തിനെ ഭീഷണിപ്പെടുത്തുകയും അവർക്ക് നേരെ തട്ടിക്കയറുകയും ചെയ്യുന്ന അധികൃതർ സർക്കാർ വാഹനങ്ങളിൽ പ്രൗഢിക്ക് വേണ്ടി നിയമ വിരുദ്ധമായി പ്രദർശിപ്പിച്ചിരിക്കുന്ന "കേരള സർക്കാർ " എന്ന ബോർഡുകൾക്ക് നേരെ കണ്ണടക്കുന്നു. മോട്ടോർ വാഹന നിയമ പ്രകാരം സംസ്ഥാന മന്ത്രിമാർ, പ്രത്യേക അനുമതിയുള്ള ഉന്നത ഉദ്യോഗസ്ഥർ എന്നിവരുടെ വാഹനങ്ങളിൽ മാത്രമേ കേരള സർക്കാർ എന്ന ബോർഡ് സ്ഥാപിക്കാൻ നിയമവ്യവസ്ഥയുള്ളത്. എന്നാൽ സർക്കാരിന്റെ വിവിധ വകുപ്പുകൾ, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ, പൊതുമേഖല സ്ഥാപനങ്ങൾ, അർദ്ധ സർക്കാർ സ്ഥാപനങ്ങൾ, സർക്കാർ അഭിഭാഷകർ, വിവിധ വകുപ്പുകൾക്ക് വേണ്ടി കരാർ വ്യവസ്ഥയിലുള്ള സ്വകാര്യ വാഹനങ്ങൾ എന്നിങ്ങനെ ജില്ലയിൽ നിരവധി വാഹനങ്ങൾ നിയമ വിരുദ്ധ ബോർഡുകൾ വാഹനങ്ങളിൽ സ്ഥാപിച്ചിട്ടുണ്ട്. മോട്ടോർ വാഹന വകുപ്പും എൻഫോഴ്സ്മെന്റ് വിഭാഗവും ഇത്തരം ബോർഡുകൾ വെച്ച വാഹനങ്ങൾ പിടികൂടിയാൽ നിയമത്തെ സംബന്ധിച്ച് അറിയില്ല, ബോർഡ് നീക്കം ചെയ്യാൻ മറന്ന് പോയി എന്ന മുടന്തൻ ന്യായങ്ങൾ നിരത്തി രക്ഷപെടുകയാണ് ചെയ്യുന്നത്. സഞ്ചരിക്കുന്നത് വിവിധ വകുപ്പുകളിലെ സർക്കാർ ഉദ്യോഗസ്ഥർ ആയതിനാൽ സൗഹൃദത്തിന്റെ പേരിൽ മോട്ടോർ വാഹന വകുപ്പ് അധികൃതർ നിർദ്ദേശങ്ങൾ നൽകി നടപടികളിൽ നിന്ന് ചിലപ്പോഴെങ്കിലും ഒഴിവാക്കും. എന്നാൽ പിന്നീട് നിയമ വിരുദ്ധമായ
ബോർഡ് നീക്കം ചെയ്യാൻ ആരും മെനക്കെടാറുമില്ല. കഴിഞ്ഞ ദിവസം അറക്കുളം ഹെൽത്ത്
സെന്ററിലെ വാഹനത്തിൽ സ്ഥാപിച്ചിരുന്ന കേരള സർക്കാർ എന്നുള്ള ബോർഡ് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം പിടികൂടിയിരുന്നു.
കൺമുന്നിൽ ഇതാ ...
കളക്ട്രേറ്റിലേയും തൊടുപുഴ മിനിസിവിൽ സ്റ്റേഷനിലേയും വിവിധ വകുപ്പുകളിലെ അനേകം വാഹനങ്ങളാണ് നിയമ വിരുദ്ധമായി കേരള സർക്കാർ എന്ന
ബോർഡ് വെച്ച് അധികൃതരുടെ കണ്ണിൽപെടാതെയും കണ്ണിൽപെട്ടും തലങ്ങും വിലങ്ങും പായുന്നത്. തൊടുപുഴ മിനി സിവിൽ സ്റ്റേഷനിലുള്ള ജില്ലാ ക്ഷീര വികസന വകുപ്പ്, പൊതു വിതരണ വകുപ്പ്, മൂലമറ്റംകെ എസ് ഇ ബി, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം എന്നിങ്ങനെയുള്ള നിരവധി വാഹനങ്ങളിൽകേരള സർക്കാർ എന്നുള്ളബോർഡ് പ്രദർശിപ്പിച്ചിട്ടുണ്ട്.