തൊടുപുഴ: കാഞ്ഞിരമറ്റം ജംഗ്ഷനിലെ കലുങ്ക് നിർമാണം അനന്തമായി നീളുന്നതിനാൽ മാർക്കറ്റ് റോഡിൽ ഗതാഗത കുരുക്കും കിഴക്കേയറ്റത്ത് വെള്ളംക്കെട്ടും രൂക്ഷം. ജംഗ്ഷനിലെ കലുങ്ക് ഉയർത്തി നിർമിക്കുന്ന ജോലികളുടെ ഭാഗമായി ഓട അടച്ചതാണു നിലവിലെ പ്രശ്‌നത്തിനു പ്രധാന കാരണം. ഓടയിൽ നിന്നുള്ള മലിനജലം റോഡിലൂടെ ഒഴുകുകയാണ്. മലിന വസ്തുക്കൾ ഒഴുകിയെത്തുന്നതു മൂലം ചില സമയത്തു ദുർഗന്ധവും അനുഭവപ്പെടുന്നതായി വ്യാപാരികൾ പറയുന്നു. ഒരു മാസമായി റോഡിൽ കലുങ്ക് നിർമാണം ആരംഭിച്ചിട്ട്. ഇപ്പോൾ റോഡിന്റെ ഒരു ഭാഗത്തു കൂടി മാത്രമാണ് ഗതാഗതം. അതിനാൽ ഇരു വശത്തു നിന്നും വാഹനങ്ങൾ വരുന്നതോടെ ഇവിടെ പകൽ മിക്ക സമയത്തും ഗതാഗതം താറുമാറാകുകയാണ്. കിഴക്കൻ മേഖലയിൽ നിന്ന് നഗരത്തിലേക്ക് വരുന്ന എല്ലാ ബസുകളും ഇതുവഴിയാണ് പോകുന്നത്. കൂടാതെ തിരികെ പോകുന്ന ബസുകളും കാഞ്ഞിരമറ്റം ബൈപാസ് വഴി ഡി.ഡി ആഫീസിനു മുന്നിലൂടെ കാഞ്ഞിരമറ്റം കവലയിൽ എത്തിയാണ് പോകുന്നത്. ഇതോടെ ഇരു റോഡുകളിലൂടെയും ബസുകളും മറ്റ് വാഹനങ്ങളും എത്തുന്നതോടെ ഇവിടെ ഗതാഗത കുരുക്ക് രൂക്ഷമാക്കുകയാണ്. വ്യാപാര സ്ഥാപനങ്ങളിലേക്ക് എത്തുന്നവരും കാൽനടയാത്രക്കാരും ബസ് കാത്തു നിൽക്കുന്നവരും ജംഗ്ഷനിലെ ഓട്ടോറിക്ഷ തൊഴാലിളികളുമാണ് ഇതു മൂലം ഏറെ ബുദ്ധിമുട്ടുന്നത്. റോഡിലെ വെള്ളക്കെട്ടു മൂലം ഈ ഭാഗത്തെ കടകളിലേക്ക് എത്തുന്ന ആളുകളുടെ എണ്ണം കുറഞ്ഞതായും വ്യാപാരികൾ പറയുന്നു. മുകൾ ഭാഗത്ത് ജല അതോറിട്ടിയുടെ സംഭരണി കഴുകുമ്പോഴുള്ള വെള്ളം ഓടയിലൂടെ ഇവിടേക്കാണ് ഒഴുകിയെത്തുന്നത്. ഓട അടച്ചതു മൂലം ഈ വെള്ളം മുഴുവൻ ഇപ്പോൾ റോഡിലൂടെ പരന്നൊഴുകുകയാണ്. വലിയ മഴ പെയ്താലും കാഞ്ഞിരമറ്റം ജംക്ഷനിൽ വെള്ളക്കെട്ട് പതിവാണ്. ഇവിടെ വെള്ളം ഉയരുന്നതോടെ പ്രദേശത്തെ കടകളിലും വെള്ളം കയറി നാശനഷ്ടം നേരിട്ടിരുന്നു. ഇതിനു പരിഹാരമായാണു കലുങ്ക് നിർമാണം ആരംഭിച്ചത്. നിർമാണം പൂർത്തിയാകുന്നതോടെ ഈ പ്രദേശത്തെ വെള്ളക്കെട്ടിന് പരിഹാരം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികളും നഗരവാസികളും. കലുങ്ക് പണി എത്രയും വേഗം പൂർത്തിയാക്കണമെന്നാണ് ഇവരുടെ ആവശ്യം