ഇടുക്കി: എം.ജി സർവകലാശാലയുടെ നൂതന സംവിധാനങ്ങളോടു കൂടിയ സ്റ്റഡി സെന്റർ ഇടുക്കി ജില്ലയിൽ ആരംഭിക്കുമെന്ന് സർവകലാശാല വൈസ്ചാൻസലർ ഡോ. സാബു തോമസ്. മാറുന്ന സാഹചര്യത്തിൽ നാടിന്റെ വികസനം വേഗത്തിലും ആഴത്തിലുമുള്ളതാക്കുക എന്ന ലക്ഷ്യത്തോടെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ത്രിതല പഞ്ചായത്ത് ഭാരവാഹികൾക്കായി ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഏകദിന സുസ്ഥിര വികസന ശില്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സെന്ററിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള നൂതന കോഴ്‌സുകളും ഉൾപ്പെടുത്തും. ഇതിനായി ജില്ല കളക്ടറുമായും ജനപ്രതിനിധികളുമായും ചർച്ച നടത്തും. സുസ്ഥിര വികസനത്തിന് പുതിയ വ്യവസായ സംരംഭങ്ങളും ചെറുകിട വ്യവസായ പദ്ധതികളും പഞ്ചായത്ത് തലത്തിൽ ആവിഷ്‌കരിക്കണം. ജില്ലയുടെ വികസനത്തിന് ജനപ്രതിനിധികൾക്ക് കാതലായ മാറ്റം വരുത്താൻ സാധിക്കും. പ്രകൃതി സൗഹൃദമായ വികസനമാണ് ജില്ലയ്ക്ക് വേണ്ടത്.
കില, ജില്ലാ പഞ്ചായത്ത്, ജില്ലാ പ്ലാനിംഗ് ഓഫീസ് എന്നിവയുടെ സംയുക്ത സഹകരണത്തോടെയാണ് ഏകദിന ശില്പശാല സംഘടിപ്പിച്ചത്. ശില്പശാലയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ എച്ച്. ദിനേശൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പദ്ധതിയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും എന്ന വിഷയത്തിൽ ആസുത്രണ ബോർഡംഗം ഡോ. കെ. എൻ ഹരിലാൽ ക്ലാസ് നയിച്ചു. ഇടുക്കിയുടെ സുസ്ഥിര വികസനവും ടൂറിസം സാധ്യതകളും എന്ന വിഷയത്തിൽ കളമേശരി സെന്റ പോൾസ് കോളേജ് സാമ്പത്തിക വിഭാഗം അസി. പ്രൊഫ. ഡോ. ജസ്റ്റിൻ ജോർജ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സുസ്ഥിര വികസനവും എന്ന വിഷയത്തിൽ കേരള ഗ്രാമപഞ്ചായത്ത് അസ്സോസിയേഷൻ സിഇഒ മദൻ മോഹൻ കെ. ബി എന്നിവരും ക്ലാസുകൾ നയിച്ചു. ജില്ല ഇൻഫർമേഷൻ അസിസ്റ്റന്റ് എഡിറ്റർ എൻ.ബി ബിജു സ്വാഗതവും അസിസ്റ്റന്റ് പ്ലാനിംഗ് ഓഫീസർ അമാനത്ത് നന്ദിയും പറഞ്ഞു.