തൊടുപുഴ: തൊടുപുഴ നഗരത്തിൽ മൂന്നാമത് സിവിൽ സ്റ്റേഷൻ കെട്ടിടം കൂടി വരുന്നു. തൊടുപുഴ മുണ്ടേക്കല്ലിലെ എം.വി.ഐ.പി വക ഒന്നര ഏക്കർ സ്ഥലത്താണ് പുതിയ കെട്ടിടം നിർമ്മിക്കുക. 23 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന കെട്ടിടത്തിൽ അണ്ടർ ഗ്രൗണ്ട് പാർക്കിംഗ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. ഒമ്പതു നിലകളിലാണ് കെട്ടിടം നിർമ്മിക്കുക. നിർമ്മാണം ആരംഭിക്കാൻ എല്ലാ നടപടി ക്രമങ്ങളും പൂർത്തിയായതായി പി.ജെ. ജോസഫ് എം.എൽ.എ പറഞ്ഞു. എം.വി.ഐ.പി വക സ്ഥലം റവന്യൂ വകുപ്പിന് കൈമാറിയിട്ടുണ്ട്. കെട്ടിട നിർമ്മാണ ടെണ്ടർ ഏറ്റെടുത്തിരിക്കുന്ന കമ്പനി കരാർ വെച്ചിട്ടുണ്ട്. സിവിൽ സ്റ്റേഷൻ നിർമ്മാണ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന അഞ്ച് പഴയ കെട്ടിടങ്ങൾ പൊളിച്ചു നീക്കാൻ എസ്റ്റിമേറ്റിൽ തുക വകയിരുത്തിയിട്ടുണ്ട്. നിർമ്മാണ സ്ഥലത്ത് ഇപ്പോൾ പ്രവർത്തിക്കുന്ന ഫയർ സ്റ്റേഷൻ, എം.വി.ഐ.പി ആഫീസുകൾ തുടങ്ങിയവ താത്കാലികമായി മാറ്റി സ്ഥാപിക്കേണ്ടിവരും. സമയ ബന്ധിതമായി സിവിൽ സ്റ്റേഷൻ നിർമ്മാണം പൂർത്തിയാക്കുമെന്ന് എം.എൽ.എ അറിയിച്ചു.
എല്ലാ സൗകര്യങ്ങളും
65,000 സ്‌ക്വയർ അടി വിസ്തീർണമാണ് കെട്ടിടത്തിനുണ്ടാവുക. 37 സർക്കാർ ആഫീസുകൾ പ്രവർത്തിക്കാൻ കഴിയുന്ന സ്ഥല സൗകര്യമാണ് ഇതിലുള്ളത്. പുറമേ കോൺഫറൻസ് ഹാളും ഉണ്ടാകും. കെട്ടിടത്തിനുള്ളിൽ നടത്തളം ഉണ്ടാകും. പൊതുജനത്തിന് മൾട്ടി ലെവൽ വാഹന പാർക്കിംങ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. മഴവെള്ള സംഭരണി, ടോയിലറ്റുകൾ, സാനിറ്ററി സൗകര്യങ്ങൾ, സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് തുടങ്ങിയവയും കെട്ടിടത്തിൽ വിഭാവനം ചെയ്തിട്ടുണ്ട്. ആവശ്യമായ ലിഫ്‌റ്റ് സൗകര്യവും കെട്ടിയത്തിൽ ഏർപ്പെടുത്തിയിട്ടുണ്ട്.