vellathooval

വെള്ളത്തൂവൽ: സാമ്പത്തിക സാക്ഷരതാ യജ്ഞത്തിന്റെ ഭാഗമായി റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ, വെള്ളത്തൂവൽ പഞ്ചായത്തിൽ സാമ്പത്തിക സാക്ഷരതാ അവബോധ ക്ലാസ് സംഘടിപ്പിച്ചു. റിസർവ്വ് ബാങ്ക് അസിസ്റ്റന്റ് ജനറൽ മാനേജർ വി. വി .വിശാഖ് പരിപാടി ഉദ്ഘാടനം ചെയ്തു.
വെള്ളത്തൂവൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മഞ്ചു ബിജു അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോൺസൻ കെ ബി, റിസർവ്വ് ബാങ്ക് ജില്ലാ ലീഡ് ഡിസ്ട്രിക്ട് ഓഫീസർ അനൂപ് ദാസ്, പഞ്ചായത്ത് വെൽഫയർ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ജയൻ കെ ആർ, പഞ്ചായത്തംഗം ഷിബി എൽദോസ് തുടങ്ങിയവർ സംസാരിച്ചു.
ഡിജിറ്റൽ ബാങ്കിംഗ്, ബാങ്കിംഗ് ഓംബുഡ്‌സ്മാൻ സ്‌കീം, റിസർവ്വ് ബാങ്കിന്റെ പരാതി പരിഹാര സംവിധാനം, ബാങ്കിംഗ് മേഖലയിലെ പ്രധാന വായ്പ നിക്ഷേപ പദ്ധതികൾ, സാമൂഹിക സുരക്ഷാ പദ്ധതികൾ എന്നിവയെ സംബന്ധിച്ച് റിസർവ്വ് ബാങ്കിന്റെ പ്രതിനിധികളായ കാർത്തികേയൻ, വിനായക മൂർത്തി, ശരത്ത്, അടിമാലി ബ്ലോക്ക് സാമ്പത്തിക സാക്ഷരത ഉപദേഷ്ടാവ് ബാബു ഗണേഷ് എന്നിവർ ക്ലാസുകൾ നയിച്ചു. തുടർന്ന് ഉപഭോക്താക്കളുടെ സംശയങ്ങൾക്ക് റിസർവ്വ് ബാങ്ക് പ്രതിനിധികളും ഇടുക്കി ജില്ലാ ലീഡ് ബാങ്ക് മാനേജർ രാജഗോപാലനും മറുപടി നൽകി.സാമൂഹിക പ്രതിബന്ധതാ ഫണ്ടുപയോഗിച്ച് റിസർവ്വ് ബാങ്ക്, വെള്ളത്തൂവൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിനും ചെങ്കുളം എൽ പി സ്‌കൂളിനും സംഭാവന നൽകിയ കമ്പ്യൂട്ടറുകൾ പഞ്ചായത്ത് പ്രസിഡന്റ് മഞ്ചു ബിജു അധികൃതർക്ക് കൈമറി. ജില്ലാ ലീഡ് ബാങ്ക് മാനേജർ രാജഗോപാലൻ സ്വാഗതവും വെള്ളത്തൂവൽ പഞ്ചായത്ത് സി ഡി എസ് ചെയർപേഴ്‌സൺ റോസമ്മ ജോൺ നന്ദിയും പറഞ്ഞു.