ചെറുതോണി : കഞ്ഞിക്കുഴി കീരിത്തോട് നിന്ന് ആരംഭിച്ച് ആറാംകൂപ്പ്ഏഴാംകൂപ്പ് പകുതിപ്പാലം വഴി പെരിയാർവാലിയിൽ എത്തിച്ചേരുന്ന കീരിത്തോട്ആറാംകൂപ്പ്ഏഴാംകുപ്പ്‌പെരിയാർവാലി റോഡിന് 10 കോടി അനുവദിച്ച് ഭരണാനുമതിയും പ്രത്യേകാനുമതിയും ലഭിച്ചതായി റോഷി അഗസ്റ്റിൻ എം.എൽ.എ അറിയിച്ചു.മലയോര മേഖലയിലേക്കുള്ള കുടിയേറ്റ കർഷകരുടെ ആദ്യ കുടിയേറ്റ സ്ഥലം കൂടിയാണ് കീരിത്തോട്. അരനൂറ്റാണ്ടിലേറെ കുടിയേറ്റ ചരിത്രമുള്ള പ്രദേശവാസികളുടെ ചിരകാല അഭിലാഷമാണ് യാഥാർത്ഥ്യമാകുന്നത്. മൂന്നൂറിലധികം കുടുംബങ്ങൾ അധിവസിക്കുന്ന ഈ മേഖലയിൽ ഗതാഗത സൗകര്യം പരിമിതമാണ്. ഏതാനും വർഷം മുൻപ് റോഡ് ഭാഗിഗമായി ടാറിംഗ് നടത്തിയിരുന്നു. എന്നാൽ 2018 ലെ പ്രളയത്തിൽ ചെങ്കുത്തായ ഈ പ്രദേശങ്ങളിൽ നിരവധി മണ്ണിടിച്ചിലും ഉരുൾപൊട്ടലും സംഭവിക്കുകയും റോഡ് പൂർണ്ണമായി തകരുകയും ചെയ്തിരുന്നു.
കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡായ കീരിത്തോടിന്റെ ജനവാസ കേന്ദ്രങ്ങളിൽക്കൂടി കടന്നുപോകുന്ന പ്രധാന റോഡും പെരിയാർവാലി തേക്കിൻതണ്ട് മുരിക്കാശ്ശേരി റോഡുമായി ബന്ധിപ്പിക്കുന്ന റോഡും കൂടിയാണിത്. തുടർ നടപടികൾ പൂർത്തിയാക്കി ടെണ്ടർ സ്വീകരിക്കുന്നതിന് ആവശ്യമായ നിർദ്ദേശം പൊതുമരാമത്ത് ഉദ്യോഗസ്ഥർക്ക് നൽകിയിട്ടുള്ളതായും എം.എൽ.എ പറഞ്ഞു.