തൊടുപുഴ: സിവിൽ സ്റ്റേഷന്റെ പുതിയ അനക്‌സ് നിർമിക്കുമ്പോൾ മുണ്ടേകല്ലിലെ എം.വി.ഐ.പിയുടെ പഴയ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന തൊടുപുഴ ഫയർഫോഴ്‌സ് യൂണിറ്റ് വെങ്ങല്ലൂർ വ്യവസായ പാർക്കിലേക്ക് മാറ്റിയേക്കും. ഒരു പതിറ്റാണ്ടായി ഇവിടെ പ്രവർത്തിച്ചിരുന്ന ഫയർഫോഴ്‌സ് യൂണിറ്റ് എത്രയും വേഗം മാറ്റി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് തൊടുപുഴ തഹസിദാർ കെ.എം. ജോസുകുട്ടി നഗരസഭ സെക്രട്ടറിക്കും ഫയർഫോഴ്‌സിനും കത്ത് നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് നഗരസഭയുടെ നേതൃത്വത്തിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ വെങ്ങല്ലൂർ വ്യവസായ പാർക്കിലെ മുറികൾ ഫയർഫോഴ്‌സിന് വിട്ട് നൽകാൻ ആലോചിക്കുന്നത്. നിലവിൽ ഇവിടെ ശിശുക്ഷേമ വകുപ്പ്, വയോമിത്രം ക്ലിനിക്ക്, പാലിയേറ്റീവ് കെയർ എന്നീ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഇവരുമായി ആലോചിച്ചും വിഷയം കൗൺസിലിൽ ചർച്ച ചെയ്തും വെങ്ങല്ലൂരിലേക്ക് ഫയർഫോഴ്‌സ് കെട്ടിടം മാറ്റുന്ന കാര്യം തീരുമാനിക്കുമെന്ന് തൊടുപുഴ നഗരസഭ ചെയർമാൻ സനീഷ് ജോർജ് പറഞ്ഞു. ഇവിടെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെ സൗകര്യ പ്രദമായ സ്ഥലങ്ങളിലേക്ക് മാറ്റേണ്ടതുണ്ട്. അതത് വാർഡ് കൗൺസിലർമാരുമായി വിഷയം ചർച്ച ചെയ്താകും അന്തിമ തീരുമാനമെടുക്കുകയെന്നും ചെയർമാൻ പറഞ്ഞു. ജീവനക്കാർക്ക് ജോലി ചെയ്യുന്നതിനുള്ള സൗകര്യവും വാഹനങ്ങൾ സൂക്ഷിക്കുന്നതിനുള്ള സൗകര്യപ്രദമായ സ്ഥലവും ലഭിച്ചാൽ മാത്രമേ ഫയർ യൂണിറ്റ് മാറ്റി സ്ഥാപിക്കാൻ കഴിയൂ എന്നാണ് ഫയർഫോഴ്‌സ് അധികൃതർ പറയുന്നത്. സൗകര്യപ്രദമായ സ്ഥലം ലഭിച്ചില്ലെങ്കിൽ മൂലമറ്റം, കല്ലൂർക്കാട്, ഇടുക്കി എന്നീ സ്ഥലങ്ങളിലേക്ക് ഫയർഫോഴ്‌സ് മാറ്റേണ്ട സാഹചര്യം ഉണ്ടാകുമെന്നും അധികൃതർ പറയുന്നു. ഇത് തൊടുപുഴയിലെയും സമീപ പഞ്ചായത്തുകളിലെയും ജനങ്ങളെ ആശങ്കയിലാക്കുന്നുണ്ട്. ജില്ലയിൽ തന്നെ ഏറ്റവും പ്രധാന നഗരമായ തൊടുപുഴയിൽ നിന്ന് യൂണിറ്റ് മാറ്റുന്നത് പ്രതിഷേധങ്ങൾക്കുമിടയാക്കും. ഇപ്പോൾ ഫയർ സ്റ്റേഷൻ പ്രവർത്തിക്കുന്ന സ്ഥലത്തിന് സമീപം സ്റ്റേഷൻ നിർമിക്കാൻ 22 സെന്റ് സ്ഥലം അനുവദിച്ചിരുന്നെങ്കിലും കെട്ടിട നിർമാണം എങ്ങുമെത്തിയില്ല.