indoor-stadium
പച്ചടി ഇൻഡോർ സ്റ്റേഡിയം മാതൃക

ഇടുക്കി: കേരളത്തിലെ നാലാമത്തെ സർക്കാർ ആയുർവേദ മെഡിക്കൽ കോളേജിന് ഉടുമ്പൻചോല മാട്ടുത്താവളത്തിന് സമീപം 15നും പച്ചടിയിൽ നിർമിക്കുന്ന ജില്ലയിലെ ആദ്യ ഇൻഡോർ സ്റ്റേഡിയത്തിന് 16നും ശിലയിടും.

ആയുർവേദ മെഡിക്കൽ കോളേജിന്റെ ഉദ്ഘാടനം ആരോഗ്യമന്ത്രി കെ.കെ. ശൈലജ വീഡിയോ കോൺഫറൻസിലൂടെ വൈകിട്ട് 5.30ന് നിർവഹിക്കും. മെഡിക്കൽ കോളേജിന് ആവശ്യമായ 20.82 ഏക്കർ സ്ഥലം കഴിഞ്ഞ മന്ത്രിസഭാ യോഗത്തിൽ ആയുഷ് വകുപ്പിന് വിട്ടു നൽകിയിരുന്നു. 150 കിടക്കകളുള്ള ആശുപത്രിയാണ് ആദ്യഘട്ടത്തിൽ സജ്ജമാക്കുന്നത്.
ആയുർവേദ മെഡിക്കൽ കോളേജിനായുള്ള പ്രാരംഭപ്രവർത്തനങ്ങൾക്ക് രണ്ടുകോടി രൂപ അനുവദിച്ചിരുന്നു. അടുത്ത സാമ്പത്തിക വർഷത്തെ ബഡ്ജറ്റിൽ ഒരുകോടി രൂപയും അനുവദിച്ചിട്ടുണ്ട്. കേന്ദ്രസർക്കാർ ഏജൻസിയായ 'വാപ്‌കോസി'നെയാണ് പദ്ധതിയുടെ മാസ്റ്റർപ്ലാൻ തയ്യാറാക്കാൻ ചുമതലപ്പെടുത്തിയിരിക്കുന്നത്. മെഡിക്കൽ കോളേജിനോട് അനുബന്ധിച്ച് സ്ഥാപിക്കുന്ന കൊളീജിയറ്റ് ആശുപത്രിയിൽ എല്ലാ സ്‌പെഷ്യാലിറ്റി ചികിത്സകൾക്കുമുള്ള ആധുനിക സജ്ജീകരണങ്ങളും ഒരുക്കും.

ഇൻഡോർ സ്റ്റേഡിയത്തിന് 16ന് ഉച്ചയ്ക്ക് 2.30ന് നെടുങ്കണ്ടം പച്ചടിയിൽ കായികമന്ത്രി ഇ.പി. ജയരാജനാണ് ശില പാകുന്നത്. നാൽപതു കോടി ചെലവിൽ നിർമിക്കുന്ന സ്റ്റേഡിയം പരിമിതികളിൽ പരിശീലനം നടത്തിയിരുന്ന ജില്ലയിലെ കായികപ്രതിഭകൾക്ക് മുതൽക്കൂട്ടാവും.
ഉടുമ്പൻചോലയിലും പച്ചടിയിലും നടക്കുന്ന പരിപാടികളിൽ വൈദ്യുതിമന്ത്രി എം.എം. മണി അദ്ധ്യക്ഷനാവും. പരിപാടിയുടെ വിജയത്തിനായി ഉടുമ്പൻചോല, നെടുങ്കണ്ടം പഞ്ചായത്തുകളിൽ സംഘാടകസമിതികൾ രൂപീകരിച്ചു.