നെടുങ്കണ്ടം: ഐശ്വര്യ കേരള യാത്രയിൽ ജില്ലയിലെ കർഷകർ നേരിടുന്ന ഭൂപ്രശ്‌നങ്ങളടക്കം കാർഷിക മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങൾ യു.ഡി.എഫ് പ്രകടന പത്രികയിൽ ഉൾപ്പെടുത്താനുള്ള നിർദേശങ്ങൾ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പൊതുജനങ്ങളിൽ നിന്ന് സമാഹരിക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. ഇബ്രാഹിംകുട്ടി കല്ലാർ പറഞ്ഞു. 1964ലെ ഭൂപതിവ് ചട്ടം കാലാനുസൃതമായി ഭേദഗതി ചെയ്യുക, മതികെട്ടാൻ ചോലയുടെ ബഫർ സോണിൽ ഉൾപ്പെട്ട കർഷകരുടെ സ്ഥലങ്ങൾ ഒഴിവാക്കുക, വനം വകുപ്പിന്റെ സാമ്പിൾ പ്ലോട്ട് സർവേ നിറുത്തിവച്ച് കുത്തകപ്പാട്ട ഭൂമി വനഭൂമിയാക്കാൻ ശ്രമിക്കുന്ന നീക്കം അവസാനിപ്പിക്കുക, 10 ചെയിൻ കർഷകരുടെ ഏഴ് ചെയിൻ എന്ന നിബന്ധന ഒഴിവാക്കി 10 ചെയിനിലും പട്ടയം നൽകുക, പട്ടയ ഭൂമിയിലെ നട്ടുവളർത്തിയ മരങ്ങൾ മുറിക്കാനുള്ള അനുമതിക്കായി നിയമ നിർമ്മാണം നടത്തുക, വന്യ ജീവി ആക്രമണത്തിൽ നിന്ന് കർഷകർക്ക് സുരക്ഷ നൽകുക, ഷോപ്പ് സൈറ്റുകൾക്ക് പട്ടയം നൽകുക, പട്ടയ ഭൂമിയിലെ നട്ടുവളർത്തിയ മരങ്ങൾ മുറിക്കാനുള്ള അനുമതിക്കായി നിയമനിർമ്മാണം നടത്തുക, വന്യജീവി ആക്രമണത്തിൽ നിന്ന് കർഷകർക്ക് സുരക്ഷ നൽകുക, ഷോപ്പ് സൈറ്റുകൾക്ക് പട്ടയം നൽകുക, ആദിവാസി സെറ്റിൽമെന്റുകളിൽ പട്ടയം നൽകുക, മറ്റു ജില്ലകളിൽ പട്ടയ ഉടമസ്ഥർക്ക് നൽകുന്ന എല്ലാ സ്വാതന്ത്ര്യങ്ങളും ഇടുക്കിയിലെ കർഷകർക്കും നൽകുക, നിർമ്മാണ നിരോധന ഉത്തരവുകൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഇടുക്കി ജില്ലാ കോൺഗ്രസ് കമ്മിറ്റി നേരത്തെ രമേശ് ചെന്നിത്തലയ്ക്കും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും നൽകിയിരുന്നു. സംസ്ഥാന സർക്കാരിന്റെ ആദ്യ വർഷം തന്നെ ഇടുക്കിയിലേക്ക് റവന്യൂ ജീവനക്കാരെ കൂടുതലായി വിന്യസിച്ച് പട്ടയത്തിനായി അപേക്ഷ സമർപ്പിച്ച മുഴുവൻ പേർക്കും പട്ടയം നൽകാനുള്ള മാസ്റ്റർ പ്ലാൻ വേണമെന്നാണ് ഡി.സി.സി ആവശ്യപ്പെട്ടിരിക്കുന്നത്. ജില്ലയിലെ കർഷകരുടെ നിശ്ചിത തുക വരെയുള്ള വായ്പകൾ എഴുതിത്തള്ളമെന്നും ജപ്തി നടപടികൾ നിറുത്തിവച്ച് ജില്ലയിലെ ബാങ്ക് വായ്പകളിൽ ആശ്വാസ പദ്ധതികളും പുനക്രമീകരണവുമുണ്ടാക്കണമെന്നും ആവശ്യപ്പെടും. ജില്ലയ്ക്ക് ഉമ്മൻചാണ്ടി സർക്കാർ അനുവദിച്ച മെഡിക്കൽ കോളേജിൽ അദ്ധ്യയനം ആരംഭിച്ച് പൂർണതയിൽ എത്തിക്കുക, റബറിന് കിലോയ്ക്ക് 250 രൂപയും കുരുമുളകിനു കിലോയ്ക്ക് 750 രൂപയും തറവില നിശ്ചയിക്കുക, തോട്ടം തൊഴിലാളികൾക്ക് രണ്ട് കിടപ്പു മുറികളുള്ള സുരക്ഷിതവും ഉപയോഗ്യവുമായ പാർപ്പിട പദ്ധതി നടപ്പാക്കുക, എല്ലാ തോട്ടം തൊഴിലാളികൾക്കും ബി.പി.എൽ റേഷൻ കാർഡ് അനുവദിക്കുക, കസ്തൂരി രംഗൻ റിപ്പോർട്ടിൽ അന്തിമ വിജ്ഞാപനം എത്രയും വേഗം പുറപ്പെടുവിക്കാൻ കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തുക, ക്ഷീര കർഷകരെ തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുത്തുക, പ്രളയ ദുരന്തങ്ങൾ, കൃഷിനാശങ്ങൾ എന്നിവ സംഭവിച്ചവർക്ക് നഷ്ടപരിഹാര തുക ഇപ്പോഴുള്ളതിൽ നിന്ന് ഇരട്ടിയാക്കുക തുടങ്ങിയ ആവശ്യങ്ങൾ കൂടി ഐശ്വര്യ കേരളയാത്രയിൽ പ്രതിപക്ഷ നേതാവിന് സമർപ്പിക്കും. .