തൊടുപുഴ: കാട് കത്തിച്ച് മൃഗങ്ങളെ വേട്ടയാടാൻ ശ്രമിച്ച രണ്ട് പേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി. ഉപ്പുകുന്ന് സ്വദേശികളായ ചന്ദ്രൻ (45), സനീഷ് (25) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് നാടൻ തോക്കും വെടിമരുന്നും കണ്ടെടുത്തു. ബുധനാഴ്ച്ച കുളമാവ് സെക്ഷൻ പരിധിയിലെ മുണ്ടുമുടിത്തണ്ട് ഭാഗത്താണ് സംഭവം. റിസർവ് വനത്തിൽ തീയിട്ട ഇവരെ പട്രോളിങ്ങിനിറങ്ങിയ വനംവകുപ്പ് ഉദ്യോഗസ്ഥർ പിടികൂടുകയായിരുന്നു. തൊടുപുഴ റേഞ്ച് ഫോറസ്റ്റ് ആഫീസർ ജ്യോതിഷ് ജെ. ഒഴാക്കൽ, സെക്ഷൻ ഫോറസ്റ്റ് ആഫീസർ എ.എൻ. പ്രദീപ്കുമാർ, ബീറ്റ് ഫോറസ്റ്റ് ആഫീസർമാരായ കെ.ആർ. രതീഷ്, സോണി ജോസ്, വി.വി. സേതു, പി.ബി. ശ്രീകുമാർ, പി. രതീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.