
അടിമാലി: മാണി സി. കാപ്പൻ ഒറ്റയ്ക്ക് വന്നാലും പാലായിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയാക്കുമെന്ന്, ഐശ്വര്യ കേരള യാത്രയുടെ ഇടുക്കി ജില്ലയിലെ പര്യടനത്തോടനുബന്ധിച്ച് അടിമാലിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
കാപ്പന്റെ നേതൃത്വത്തിലുള്ള എൻ.സി.പിയെ യു.ഡി.എഫ് സ്വാഗതം ചെയ്യും. പലതവണ പോരാടിക്കഴിഞ്ഞ ഉപതിരഞ്ഞെടുപ്പിൽ ജയിച്ച സീറ്റ് കാപ്പനോട് പോലും ചോദിക്കാതെ തോറ്റ പാർട്ടിക്ക് നൽകുന്നത് ധാർമികതയാണോ?. പാലായിലെ വിജയം എൽ.ഡി.എഫിന്റെ മാത്രം മികവല്ല, കാപ്പന്റെ വ്യക്തി സ്വാധീനവും ഇതിൽ നിർണായകമായിരുന്നു. കാപ്പനെയും എൻ.സി.പിയെയും വഞ്ചിച്ചത് ഇടതുമുന്നണിയാണ്. അത് കാപ്പൻ നേരത്തെ മനസിലാക്കി. കാപ്പനും തങ്ങളുമായി മുമ്പ് ചർച്ചയുണ്ടായിട്ടില്ല.പി.സി. ജോർജിനെ മുന്നണിയിലെടുക്കുന്ന കാര്യത്തിൽ തീരുമാനമായില്ല.
സമരം ചെയ്യുന്ന പി.എസ്.സി റാങ്ക് ഹോൾഡർമാരോട് ചർച്ച നടത്തേണ്ടത് മുഖ്യമന്ത്രിയാണ്. ഉദ്യോസ്ഥരോ, ഡി.വൈ.എഫ്.ഐ നേതാക്കളോ അല്ല. മുഖ്യമന്ത്രി ചർച്ചയ്ക്ക് തയ്യാറാകാത്തത് ധാർഷ്ഠ്യമാണ്.പിണറായിയും മോദിയിൽ തമ്മിൽ എന്ത് വ്യത്യാസമാണുള്ളത്. ഒരു വശത്ത് ചർച്ച നടക്കുമ്പോൾ, മറുവശത്ത് പിൻവാതിൽ നിയമനങ്ങൾ ശക്തിപ്പെടുത്തുന്നത് ഇരട്ടത്താപ്പാണ്. ചർച്ച പരാജയപ്പെടുത്താൻ ബാഹ്യശക്തികൾ ഇടപെട്ടെന്ന ഡി.വൈ.എഫ്.ഐയുടെ ആരോപണത്തെക്കുറിച്ച് ചോദിച്ചപ്പോൾ, ചൈനയോ പാകിസ്ഥാനോ ഇടപെട്ടു കാണുമെന്ന് ചെന്നിത്തല പരിഹസിച്ചു. സർക്കാർ വിലാസം സംഘടനയായി ഡി.വൈ.എഫ്.ഐ മാറി. തൊഴിലല്ലെങ്കിൽ ജയിലെന്ന് പറഞ്ഞു നടന്നിരുന്നവർ ഇപ്പോൾ സർക്കാരിന് വിടുപണി ചെയ്യുകയാണ്. ഡി.വൈ.എഫ്.ഐ നേതാക്കന്മാരുടെ ബന്ധുക്കൾക്ക് അനധികൃതമായി ലഭിച്ച ജോലി ആദ്യം രാജിവയ്ക്കണം.
സ്വർണക്കള്ളക്കടത്ത് അന്വേഷിക്കുന്ന കസ്റ്റംസ് പ്രിവന്റീവ് ഓഫീസർ സുമിത് കുമാറിനെ ഒരു സംഘം പിന്തുടർന്ന് ആക്രമിക്കാൻ ശ്രമിച്ചുവെന്നത് ഞെട്ടിപ്പിക്കുന്നതാണ്. കോഴിക്കോട് കൊടുവള്ളി മുതൽ മലപ്പുറം എടവണ്ണപ്പാറ വരെ കമ്മിഷണറുടെ വാഹനത്തെ അക്രമി സംഘം പിന്തുടരുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. തന്നെ അപായപ്പെടുത്താനാണ് ശ്രമിച്ചതെന്ന് കമ്മിഷണർ തന്നെ പരാതിപ്പെട്ടു. സർക്കാർ ഇതിനെക്കുറിച്ച് ഗൗരവമായി അന്വേഷണം.
കൊച്ചിയിൽ തന്നെ കാണാനെത്തിയ പൊലീസുകാരെ സസ്‌പെൻഡ് ചെയ്ത നടപടി ശരിയല്ല. കാബിനറ്റ് പദവിയുള്ള പ്രതിപക്ഷ നേതാവിനെ ഏതെങ്കിലും ഉദ്യോഗസ്ഥൻ സന്ദർശിക്കുന്നത് തെറ്റല്ല. സസ്പെൻഷൻ പിൻവലിക്കണം- ചെന്നിത്തല ആവശ്യപ്പെട്ടു.