
മുട്ടം: ഗവ.പോളിടെക്നിക്ക് കോളേജിൽ പുതിയതായി ആരംഭിക്കുന്ന അക്കാദമിക് ബ്ലോക്കിന്റെ നിർമ്മാണ ഉദ്ഘാടനവും നിർമ്മാണം പൂർത്തീകരിച്ച സെമിനാർ ഹാളിന്റേയും കോമൺ കമ്പ്യൂട്ടിംഗ് ഫെസിലിറ്റി സെന്ററിന്റെ പ്രവർത്തന ഉദ്ഘാടനവും 16 ന് വൈകിട്ട് 4 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ നിർവ്വഹിക്കും. ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീൽ അദ്ധ്യക്ഷത വഹിക്കും. പി ജെ. ജോസഫ് എം .എൽ .എ, ഡീൻ കുര്യാക്കോസ് എം. പി എന്നിവർ മുഖ്യാതിഥികളാവും. ഉന്നത വിദ്യാഭാസ പ്രിൻസിപ്പൽ സെക്രട്ടറി ഡോ: വി വേണു , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ്, ജില്ലാ പഞ്ചായത്ത് മെമ്പർ സി .വി .സുനിത, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ട്രീസ ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ കെ ബിജു, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈജ ജോമോൻ, വാർഡ് മെമ്പർ ഡോളി രാജു, സാങ്കേതിക വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടർ അബ്ദുൽ ഹമീദ്, പ്രിൻസിപ്പാൾ ഗീതാ ദേവി എന്നിവർ സംസാരിക്കും.
സംസ്ഥാന സർക്കാരിന്റെ പ്ലാൻ ഫണ്ടിൽ നിന്നുള്ള 5.6I കോടി ചിലവഴിച്ചാണ് പുതിയ സംവിധാനങ്ങൾ ഒരുക്കുന്നത്. നിർമ്മാണം പൂർത്തീകരിച്ച സെമിനാർ ഹാൾ, കോമൺ കമ്പ്യൂട്ടിംഗ് ഫെസിലിറ്റി സെന്റർ എന്നിവക്ക് 67 ലക്ഷം നിർമ്മാണം ആരംഭിക്കുന്ന അക്കാദമിക്ക് ബ്ലോക്കിന് 4.94 ലക്ഷം എന്നിങ്ങനെയാണ് ഫണ്ടുകളുടെ ഉപയോഗം. കമ്പ്യൂട്ടർ ബ്രാഞ്ചിനോട് ചേർന്നാണ് പുതിയ ബ്ലോക്ക് നിർമ്മിക്കുന്നത്. 1981 ൽ ശങ്കരപ്പള്ളിയിൽ പ്രവർത്തനം ആരംഭിച്ച പോളിടെക്നിക്ക് കോളേജ് 1997 ലാണ് നിലവിലുളള സ്ഥലത്തേക്ക് മാറ്റിയത്. മെക്കാനിക്കൽ, സിവിൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, കമ്പ്യൂട്ടർ എന്നിങ്ങനെ അഞ്ച് ബ്രാഞ്ചുകളിലായി 900 വിദ്യാർത്ഥികളാണ് നിലവിൽ ഇവിടെ പഠനം നടത്തുന്നത്.