ഐശ്വര്യ കേരളയാത്രയെ ഏറ്റെടുത്ത് ഇടുക്കി
ഇടുക്കി: 'സംശുദ്ധം സദ്ഭരണം" എന്ന മുദ്രാവാക്യമുയർത്തി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്ര മലയോര ജില്ലയായ ഇടുക്കിയെ പിടിച്ചു കുലുക്കി. കത്തുന്ന വെയിലിലും ആയിരങ്ങളാണ് ഓരോ വേദികളിലും യാത്രയെ സ്വീകരിക്കാനെത്തുന്നത്. എൽ.ഡി.എഫ് സർക്കാരിന്റെ ജനദ്രോഹനടപടികൾ തുറന്നുകാട്ടിയുള്ള യാത്ര നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള യു.ഡി.എഫിന്റെ ശക്തിപ്രകടനമായി മാറി. ജനുവരി 31ന് മഞ്ചേശ്വരത്ത് നിന്ന് ആരംഭിച്ച യാത്ര എട്ട് ജില്ലകൾ പിന്നിട്ടാണ് ഇന്നലെ ഇടുക്കിയിലെത്തിയത്. അടിമാലിയിലായിരുന്നു ആദ്യ സ്വീകരണസമ്മേളനം. മരങ്ങാട് ആഡിറ്റോറിയത്തിൽ പ്രവർത്തകർക്കൊപ്പമുള്ള പ്രഭാതഭക്ഷണത്തിന് ശേഷം രാവിലെ ഒമ്പതിന് വാർത്താസമ്മേളനത്തോടെയായിരുന്നു തുടക്കം. സർക്കാർ നടത്തുന്ന പിൻവാതിൽ നിയമനങ്ങൾക്കെതിരെയും പി.എസ്.സി റാങ്ക് ഹോൾഡേഴ്സിനോട് സ്വീകരിക്കുന്ന നിഷേധാത്മക നിലപാടിനെതിരെയും ഡി.വൈ.എഫ്.ഐക്കെതിരെയും പ്രതിപക്ഷ നേതാവ് ആഞ്ഞടിച്ചു. തുടർന്ന് സമൂഹത്തിലെ വിവിധ മേഖലകളിൽ നിന്ന് തിരഞ്ഞെടുത്ത പ്രതിനിധികളുടെ സൗഹൃദ സദസ് നടന്നു. ഇതിൽ സമൂഹത്തിലെ വിവിധ തുറകളിലുള്ളവർ തങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവച്ചു. പ്രധാനപ്പെട്ട നിർദേശങ്ങൾ യു.ഡി.എഫിന്റെ പ്രകടനപത്രികയിൽ ഉൾപ്പെടുത്തുമെന്ന് പ്രതിപക്ഷ നേതാവ് ഉറപ്പ് നൽകി. ഇതിന് ശേഷം ദേവികുളം നിയോജകമണ്ഡലത്തിലെ തോട്ടംതൊഴിലാളികളടക്കമുള്ള ആയിരക്കണക്കിന് യു.ഡി.എഫ് പ്രവർത്തകരുടെ അകമ്പടിയോടെ പ്രകടനമായി തുറന്ന ജീപ്പിൽ പ്രതിപക്ഷനേതാവിനെ സ്വീകരിച്ച് അടിമാലി ടൗണിൽ നിന്ന് സമ്മേളന വേദിയിലെത്തിച്ചു. അടിമാലി മാർക്കറ്റ് ജംഗ്ഷനിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിലായിരുന്നു സമ്മേളനം. ചുട്ടുപൊള്ളുന്ന വെയിലിലും തടിച്ചു കൂടിയ ആയിരങ്ങളെ സാക്ഷി നിറുത്തി കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾ ചെന്നിത്തല തുറന്നുകാട്ടി. രണ്ട് മാസത്തിനകം യു.ഡി.എഫ് സർക്കാർ അധികാരത്തിലെത്തുമെന്നും ഇടുക്കിയിലെ ജനങ്ങളുടെയടക്കം നീറുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന്നും അദ്ദേഹം ഉറപ്പ് നൽകി. ഇതിന് ശേഷം യാത്ര നെടുങ്കണ്ടത്തേക്ക് തിരിച്ചു. ഉച്ചകഴിഞ്ഞ് കട്ടപ്പന, വൈകിട്ട് ഏലപ്പാറ, രാത്രി തൊടുപുഴ എന്നിവിടങ്ങളിലും ഉജ്ജ്വല സ്വീകരണമാണ് യാത്രയ്ക്ക് ലഭിച്ചത്. ദേവികുളം, ഉടുമ്പഞ്ചോല, ഇടുക്കി, പീരുമേട്, തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിലായിരുന്നു സ്വീകരണമൊരുക്കിയത്. ഇന്ന് യാത്ര കോട്ടയം ജില്ലയിൽ പ്രവേശിക്കും.
ഡീൻ കുര്യാക്കോസ് എം.പി, ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ, യു.ഡി.എഫ് ജില്ലാ ചെയർമാൻ എസ്. അശോകൻ, കൺവീനർ എം.ജെ. ജേക്കബ്, നേതാക്കളായ ഷിബു ബേബി ജോൺ, ജി. ദേവരാജൻ, ഇ.എം. ആഗസ്തി, ജോസഫ് വാഴയ്ക്കൻ, അബ്ദുൾറഹ്മാൻ രണ്ടത്താണി, റോയ് കെ. പൗലോസ്, ടോമി കല്ലാനി, ഫ്രാൻസിസ് ജോർജ്, എ.കെ. മണി, മാത്യു സ്റ്റീഫൻ, ലതിക സുഭാഷ്, ടി.എം. സലീം, എം.എസ്. മുഹമ്മദ്, ജോയ് തോമസ്, തോമസ് രാജൻ, എം.എൻ. ഗോപി, സജി ജോസഫ്, കൊച്ചുത്രേസ്യ പൗലോസ്, കെ. സുരേഷ് ബാബു, എം.പി. സൈനുദ്ദീൻ തുടങ്ങിയവർ വിവിധ വേദികളിൽ സംസാരിച്ചു.