yogam
ഐശ്വര്യകേരള യാത്രയുടെ ഭാഗമായി അടിമാലിയിൽ നടന്ന ആശയവിനിമയ പരിപാടി

ഇടുക്കി: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തുന്ന ഐശ്വര്യകേരള യാത്രയുടെ ഭാഗമായി അടിമാലിയിൽ നടന്ന ആശയവിനിമയ പരിപാടിയിൽ യു.ഡി.എഫ് ഒരുക്കുന്ന ജനകീയ പ്രകടനപത്രികയിലേക്കായി ഉയർന്ന് വന്നത് നിരവധി നിർദേശങ്ങൾ. ആരോഗ്യ, കാർഷിക, സാംസ്‌കാരിക, സാമൂദായിക, സന്നദ്ധ സംഘടനകളിലെ പ്രമുഖർ പങ്കെടുത്ത പരിപാടിയിൽ കർഷക- ഭൂപ്രശ്നങ്ങളടക്കം വിവിധ വിഷയങ്ങൾ ചർച്ചയായി. വന്യജീവി ആക്രമണം തടയുന്നതിന് ശാശ്വത പരിഹാരം വേണമെന്ന് കർഷകർക്ക് വേണ്ടി ജോയി പീറ്റർ ആവശ്യപ്പെട്ടു. ക്ഷീര കർഷകരുടെ ക്ഷേമത്തിന് വേണ്ട കാര്യങ്ങൾ ചെയ്യണമെന്ന് ഫാ. നമ്പ്യാ പറമ്പിൽ ആവശ്യപ്പെട്ടു. പട്ടിക ജാതിക്കാരുടെ വിവിധ വിഷയങ്ങൾ കെ.പി.എം.എസ് സംസ്ഥാന അംഗം കെ.കെ. രാജൻ ശ്രദ്ധയിൽപ്പെടുത്തി. പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഇടം ലഭിച്ചിട്ടും ഉദ്യോഗം ലഭിക്കാത്തതിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ഇംഗ്ലീഷ് ടീച്ചേർസ് പ്രധിനിധി ജിന്റോ നിവേദനം നൽകി. അടിമാലിയിൽ മെച്ചപ്പെട്ട വിദ്യാഭ്യാസ സ്ഥാപനവും ആരോഗ്യ കേന്ദ്രവും അനുവദിക്കണമെന്ന് ലയൺസ് ക്ലബ് സെക്രട്ടറി എ.പി ബേബി അറിയിച്ചു. എല്ലാ നിർദ്ദേശങ്ങളും ചർച്ച ചെയ്തു യു.ഡി.എഫിന്റെ പ്രകടനപത്രികയിൽ ഉൾപെടുത്തുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉറപ്പ് നൽകി. യോഗത്തിൽ പങ്കെടുത്തവരെ മെമെന്റോ നൽകി ആദരിച്ചു.