മൂന്നാർ: ഗുണ്ടുമല തേയില തോട്ടം തൊഴിലാളികളുടെ ലയത്തിന് തീപിടിച്ച മൂന്ന് വീടുകൾ കത്തി നശിച്ചു. ഒരാൾക്ക് പൊള്ളലേറ്റു. ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണാഭരണങളും വീട്ടുപകരണങ്ങളും കത്തിനശിച്ചു. കണ്ണൻദേവൻ കമ്പനി ഗുണ്ടുമല എസ്‌റ്റേറ്റിൽ അപ്പർ ഡിവിഷനിലെ തൊഴിലാളികളായ പളനി സ്വാമി, ചന്ദ്രൻ എന്നിവരുടെ വീടുകൾ പൂർണമായും രാജ് കമാലിന്റെ വീട് ഭാഗികമായും കത്തിനശിച്ചു. വീടിനുള്ളിലുണ്ടായിരുന്ന പളനി സ്വാമിക്കാണ് പൊള്ളലേറ്റത്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച വൈകിട്ടാണ് സംഭവം. പളനി സ്വാമി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മറ്റുള്ളവർ ജോലിക്ക് പോയതിനാൽ വീടുകൾ അടച്ചിട്ടിരുന്നു. പളനി സ്വാമിയുടെ ബഹളം കേട്ടെത്തിയ എസ്‌റ്റേറ്റ് തൊഴിലാളികൾ ഏറെ പണിപ്പെട്ടാണ് തീ മറ്റു വീടുകളിലേക്ക് പടരാതെ തടഞ്ഞത്. കത്തി നശിച്ച വീടുകളിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങൾ, പണം, വസ്ത്രങ്ങൾ, വീട്ടുപകരണങ്ങൾ എന്നിവ പൂർണമായി കത്തി നശിച്ചു. വിവരമറിഞ്ഞ് മൂന്നാറിൽ നിന്നും അഗ്‌നി രക്ഷാ സേനാംഗങ്ങൾ എത്തിയാണ് തീ പൂർണമായി കെടുത്തിയത്. മൂന്നു വീടുകളിലുമായി പത്തു ലക്ഷത്തിലധികം രൂപയുടെ നഷ്ടമുണ്ടായതായി തൊഴിലാളികൾ പറഞ്ഞു.