 പുതുമയുടെ ഹൈ ഫ്ളോറിൽ ടേയ്ക്ക് എ ബ്രേയ്ക്ക് വഴിയോര വിശ്രമകേന്ദ്രം


പള്ളിവാസൽ: ഇത് കെ .എസ്.ആർ.ടി.സിയുടെ ലോ ഫ്ളോർ ബസ് സിമന്റ് കട്ടയും കോൺക്രീറ്റും കൊണ്ട് നിർമ്മിക്കുന്നതാണോ എന്ന് സംശയിക്കേണ്ട... ഹരിതകേരളം ശുചിത്വമിഷൻ പള്ളിവാസൽ ഗ്രാമപ്പഞ്ചായത്ത് സംയുക്ത സംരംഭമായ ടേയ്ക്ക് എ ബ്രേയ്ക്ക് വഴിയോര വിശ്രമകേന്ദ്രമാണിത്. പഞ്ചായത്തിലെ രണ്ടാം മൈലിലുള്ള വ്യൂ പോയിന്റിലാണ് ഈ അപൂർവ്വ വിശ്രമ കേന്ദ്രം പൂർത്തിയാകുന്നത്. സഞ്ചാരികൾക്ക് യാത്രയ്ക്കിടയിൽ ഒന്നു ഫ്രഷ് ആകാനും വിശ്രമിക്കാനുമൊക്കെയുള്ള സൗകര്യമാണ് സർക്കാരിന്റെ പന്ത്രണ്ട് ഇന പരിപാടിയുടെ ഭാഗമായ ടേയ്ക്ക് എ ബ്രേയ്ക്ക് പദ്ധതിയിലൂടെ യാഥാർഥ്യമാകുന്നത്. ഫ്രഷ് ആകാൻ മാത്രമല്ല ലോ ഫ്ളോറിന്റെ ജനാലകളിലൂടെ വിദൂരത്തെ മനോഹര കാഴ്ചകൾ ആസ്വദിക്കാനും കഴിയും വിധത്തിലാണ് കേന്ദ്രത്തിന്റെ നിർമ്മാണം. 11മീറ്റർ നീളവും രണ്ടു മീറ്റർ വീതിയുമാണ് ഈ ലോ ഫ്ളോർ വിശ്രമ കേന്ദ്രത്തിനുള്ളത്. പുരുഷന്മാർക്കായി ഒരു ടോയ്‌ലറ്റും രണ്ട് യൂറിനലുകളും സ്ത്രീകൾക്കായി രണ്ട് ടോയ്‌ലറ്റുകളും രണ്ട് വാഷ് ബേസിനുകളുമെല്ലാം എട്ടരലക്ഷം രൂപയുടെ ടേയ്ക്ക് എ ബ്രേക്കിനുള്ളിലുണ്ടാകും. കൂടാതെ, പുറത്ത് ഒരു കോഫീ ഷോപ്പിന് കൂടി പദ്ധതിയുണ്ട്. പള്ളിവാസൽ പഞ്ചായത്തിന്റെ സ്വപ്‌ന പദ്ധതിയാണിത്. ഇവിടെ പഴയ കെ.എസ്.ആർ.ടി.സി ബസിന്റെ മാതൃകയിൽ പുതുമയാർന്ന നിർമ്മാണമാണ് ആദ്യം ഉദ്ദേശിച്ചത്. അതിനിടെയാണ് പഴയ ബസ് ലോ ഫ്ളോർ ആക്കി മാറ്റിയതെന്ന് പഞ്ചായത്ത് അസി. എൻജിനീയർ ആർ.എൽ വൈശാഖൻ പറഞ്ഞു .മുമ്പ് ഇദ്ദേഹം ജോലി ചെയ്ത പഞ്ചായത്തിൽ മലയോര ഹൈവേ വരുന്നത് മുൻനിർത്തി ഇത്തരമൊരു പദ്ധതി പ്ലാൻ ചെയ്തിരുന്നു. എന്നാൽ അത് നടക്കാതെ പോയി. അതാണ് ഇവിടെ പരീക്ഷിച്ചത്. ഈ മോഡലലിനെക്കുറിച്ച് അസി. എക്‌സിക്യൂട്ടീവ് എൻജിനീയർ എ നിസാറിനോട് പറഞ്ഞപ്പോൾ അദ്ദേഹം പ്രോൽസാഹിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പ്രതീഷ് കുമാറും സെക്രട്ടറി നിസാറും ദേശീയപാതാ അധികൃതരും ഒപ്പം നിന്നതോടെ ലോ ഫ്ളോർ മോഡൽ വിശ്രമകേന്ദ്രം പ്രാവർത്തികമാവുകയായിരുന്നു.