chandrasekharan
കുറ്റിയാർവാലിയിൽ പണി കഴിപ്പിച്ച വീടുകളുടെ താക്കോൽ ദാന ചടങ്ങ് റവന്യൂ മന്ത്രി ഓൺലൈനായി നിർവ്വഹിക്കുന്നു.

സർക്കാർ മനുഷ്യ സാധ്യമായതെല്ലാം ചെയ്തു: ഇ. ചന്ദ്രശേഖരൻ

ഇടുക്കി: നിർമാണമാരംഭിച്ച് എട്ട് ദിവസങ്ങൾക്കകം പെട്ടിമുടി ദുരന്തബാധിതർക്ക് സർക്കാർ വാഗ്ദാനം ചെയ്ത എട്ട് വീടുകൾ മൂന്നാറിനടുത്ത് കുറ്റ്യാർവാലിയിൽ നിർമിച്ച് നൽകി. പെട്ടിമുടി ദുരന്തബാധിതരിൽ അവശേഷിക്കുന്ന എട്ട് കുടുംബങ്ങൾക്ക് കുറ്റ്യാർവാലിയിൽ സർക്കാർ അനുവദിച്ച 50 സെന്റിൽ നിർമിച്ച എട്ട് വീടുകളാണ് ഇന്നലെ കൈമാറിയത്. ദുരന്തത്തിൽ വീട് പൂർണമായും നഷ്ടപ്പെട്ട ശരണ്യ അന്നലക്ഷ്മി, സരസ്വതി, സീതാലക്ഷ്മി, ദീപൻ ചക്രവർത്തി പളനിയമ്മ, ഹേമലത ഗോപിക, കറുപ്പായി, മുരുകേശ്വരി, മാലയമ്മാൾ എന്നിവർക്കാണ് വീട് നൽകിയത്. സർക്കാർ ഓരോ കുടുംബത്തിനും അനുവദിച്ച അഞ്ച് സെന്റ് ഭൂമിയിൽ കണ്ണൻ ദേവൻ പ്ലാന്റേഷൻ കമ്പനിയാണ് വീടുകൾ നിർമ്മിച്ച് നൽകിയത്. രണ്ട് കിടപ്പ് മുറികളും സ്വീകരണമുറിയും അടുക്കളയും ശുചിമുറിയും വരാന്തയും അടങ്ങുന്നതാണ് ഒരു വീട്. വീടുകളുടെ താക്കോൽദാനച്ചടങ്ങിന്റെ ഉദ്ഘാടനം ഓൺലൈനായി മന്ത്രി ഇ. ചന്ദ്രശേഖരൻ നിർവഹിച്ചു. പെട്ടിമുടി ദുരന്തവുമായി ബന്ധപ്പെട്ട് പുനരധിവാസമുൾപ്പെടെയുള്ള കാര്യങ്ങളിൽ സർക്കാർ മനുഷ്യ സാധ്യമായതെല്ലാം ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു. മൂന്നാർ ടീ കൗണ്ടിയിലായിരുന്നു താക്കോൽ ദാനത്തിന്റെ ഉദ്ഘാടന ചടങ്ങ് ക്രമീകരിച്ചിരുന്നത്. മൂന്നാറിലെ ഉദ്ഘാടന ചടങ്ങിന് ശേഷം വൈദ്യുതി മന്ത്രി എം.എം. മണി കുറ്റ്യാർവാലിയിൽ നേരിട്ടെത്തി താക്കോലുകൾ കുടുംബങ്ങൾക്ക് കൈമാറി. സമാനതകൾ ഇല്ലാത്ത ദുരന്തമാണ് പെട്ടിമുടിയിലുണ്ടായതെന്നും ദുരന്തബാധിതരായ കുടുംബങ്ങൾക്ക് തുടർന്നും ഏതെങ്കിലും വിധത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടായാൽ തുടർ സഹായങ്ങൾ നൽകാൻ സർക്കാർ ബാധ്യസ്ഥരാണെന്നും മന്ത്രി പറഞ്ഞു. മൂന്നാർ മേഖലയിലെ ചികിത്സാ ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് താലൂക്ക് ആശുപത്രിയുടെ നിലവാരത്തിൽ പുതിയ ആശുപത്രി നിർമ്മിക്കാൻ 55 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ടൂറിസം വികസനത്തിന് കുതിപ്പേകാൻ മൂന്നാറിൽ ഫ്ലൈഓവർ നിർമ്മിക്കാൻ തുക വകയിരുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഉദ്ഘാടന ചടങ്ങിൽ എസ്. രാജേന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. ഡീൻ കുര്യാക്കോസ് എം.പി ഓൺലൈനായി പങ്കെടുത്തു. ജില്ലാ കളക്ടർ എച്ച്. ദിനേശൻ, കെ.ഡി.എച്ച്.പി കമ്പനി മാനേജിംഗ് ഡയറക്ടർ കെ. മാത്യു എബ്രഹാം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ്, ദേവികുളം സബ് കളക്ടർ പ്രേം കൃഷ്ണ തുടങ്ങിയവർ പങ്കെടുത്തു. കഴിഞ്ഞ നവംബർ ഒന്നിനായിരുന്നു കുറ്റിയാർവാലിയിൽ തറക്കല്ലിട്ട് വീടുകളുടെ നിർമ്മാണ ജോലികൾക്ക് തുടക്കം കുറിച്ചത്. യുദ്ധകാലാടിസ്ഥാനത്തിൽ നൂറ് ദിവസങ്ങൾക്കുള്ളിൽ തന്നെ എട്ട് വീടുകളുടെയും നിർമ്മാണം പൂർത്തീകരിച്ചു. പെട്ടിമുടിയിൽ മരണമടഞ്ഞവരുടെ തുടർ അവകാശികളെ കണ്ടെത്തി സർക്കാർ ധനസഹായവും വിതരണം ചെയ്തിരുന്നു. കഴിഞ്ഞ വർഷം ആഗസ്റ്റ് ആറിന് രാത്രി 10.45നാണ് രാജമല പെട്ടിമുടിയിലെ നാലുവരി ലയങ്ങളെ ഉരുൾവിഴുങ്ങിയത്.