തൊടുപുഴ : മുട്ടം ഗവ. പോളി ടെക്‌നിക്ക് അക്കാദമിക് ബ്ലോക്കിന്റെ ശിലാസ്ഥാപനവും സെമിനാർ ഹാളിന്റേയും കോമൺ കമ്പ്യൂട്ടിംഗ് ഫെസിലിറ്റി സെന്ററിന്റെ പ്രവർത്തന ഉദ്ഘാടനവും ഇന്ന് വൈകിട്ട് 4 ന് മുഖ്യമന്ത്രി പണറായി വിജയൻ വീഡിയോ കോൺഫ്രൻസിലൂടെ നിർവഹിക്കും. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി. ജലീൽ അദ്ധ്യക്ഷത വഹിക്കും. അഡ്വ. ഡീൻ കുര്യാക്കോസ് എം.പി, പിജെ ജോസഫ് എംഎൽഎ എന്നിവർ മുഖ്യാതിഥികളാവും. ഉന്നത വിദ്യാഭ്യാസ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. വിവേണു സ്വാഗതം പറയും. ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ്, ജില്ലാ പഞ്ചായത്ത് മെമ്പർ സി.വി. സുനിത, തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ട്രീസ ജോസഫ്, തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ കെ ബിജു, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈജ ജോമോൻ, വാർഡ് മെമ്പർ ഡോളി രാജു, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടർ അബ്ദുൽ ഹമീദ് എന്നിവർ യോഗത്തിൽ സംസാരിക്കും. പൊതുമരാമത്ത് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ സി.കെ.പ്രസാദ് റിപ്പോർട്ട് അവതരിപ്പിക്കും. പ്രിൻസിപ്പാൾ ഗീതാ ദേവി കൃതജ്ഞത പറയും. സംസ്ഥാന സർക്കാരിന്റെ പ്ലാൻ ഫണ്ടിൽ നിന്നുള്ള 5.61 കോടി രൂപ ചിലവഴിച്ചാണ് പുതിയ സംവീധാനങ്ങൾ ഒരുക്കുന്നത്. നിർമ്മാണം പൂർത്തീകരിച്ച സെമിനാർ ഹാൾ, കോമൺ കമ്പ്യൂട്ടിംഗ് ഫെസിലിറ്റി സെന്റർ എന്നിവ 67 ലക്ഷം രൂപാ ചിലവഴിച്ചാണ് പൂർത്തിയാക്കിയത്. 4.94 കോടി രൂപാ ഉപയോഗിച്ചാണ് അക്കാദമിക് ബ്ലോക്കിന്റെ നിർമ്മാണം പൂർത്തിയാക്കുക. 2954 സ്‌ക്വയർ ഫീറ്റ് വിസ്തൃതിയിൽ മൂന്ന് നിലകളിലായിട്ടാണ് പുതിയ അക്കാദമിക് ബ്ലോക്ക് നിർമ്മിക്കുന്നത്.