ഇടുക്കി: ഭിന്നശേഷി വിദ്യാർത്ഥികൾക്കായുള്ള ഉടുമ്പൻചോല ബഡ്‌സ് സ്‌കൂളിന്റെയും റീഹാബിലിറ്റേഷൻ സെന്ററിന്റെയും പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം മന്ത്രി എം.എം. മണി നിർവഹിച്ചു. ഭിന്നശേഷിക്കാരായ കുട്ടികളുടെ സംരക്ഷണം സർക്കാരിന്റെയും സമൂഹത്തിന്റെയും ഉത്തരവാദിത്തമാണെന്ന് മന്ത്രി പറഞ്ഞു. ആ ഉത്തരവാദിത്തം ഏറ്റെടുത്താണ് സർക്കാർ ഭിശേഷിക്കാർക്കായി വിവിധ പദ്ധതികൾ നടപ്പാക്കുന്നതെന്ന് ബഡ്‌സ്‌ സ്കൂളിന്റെ പുതിയ മന്ദിരം ഉദ്ഘാടനം ചെയ്ത് മന്ത്രി പറഞ്ഞു. ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്കുള്ള സ്‌കോളർഷിപ്പും മന്ത്രി വിതരണം ചെയ്തു. 30 ലക്ഷം രൂപ ചിലവഴിച്ചാണ് പുതിയ സ്‌കൂൾ മന്ദിരം നിർമിച്ചിട്ടുള്ളത്. 25 ലക്ഷം രൂപ ഉടുമ്പൻചോല ഗ്രാമപഞ്ചായത്ത് വിഹിതവും അഞ്ച് ലക്ഷം രൂപ നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്തുമാണ് അനുവദിച്ചത്. 900 അടി ചതുരശ്ര വിസ്തീർണത്തിൽ ക്ലാസ് റും, ഫിസിയോതെറാപ്പി റൂം, ശുചിമുറി എന്നീ സൗകര്യങ്ങളുണ്ട്. ഇതിന് പുറമേ കുട്ടികളുടെ മാനസിക ഉല്ലാസത്തിനുള്ള കളിപ്പാട്ടങ്ങൾ എന്നിവയെല്ലാം ആധുനിക നിലവാരത്തിൽ നിർമിച്ചിട്ടുള്ള സ്‌കൂളിൽ സജ്ജീകരിച്ചിട്ടുണ്ട്. 25 വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നുണ്ട്. മൂന്ന് ദിവസത്തെ ഷിഫ്റ്റ് പ്രകാരമാണ് ക്ലാസുകൾ. രണ്ട് സ്‌പെഷ്യൽ അദ്ധ്യാപകരും ഒരു ഫിസിയോ തെറാപ്പിസ്റ്റും ആയയും ഉൾപ്പെടെ നാലു ജീവനക്കാരാണിവിടെ ഉള്ളത്. ഉടുമ്പൻചോല ബഡ്‌സ് സ്‌കൂൾ അങ്കണത്തിൽ ചേർന്ന യോഗത്തിൽ ഉടുമ്പൻചോല ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് ബീന ബിജു അദ്ധ്യക്ഷത വഹിച്ചു. ത്രിതല പഞ്ചായത്തംഗങ്ങളായ സാലി ഷാജി, ശർമിള പി, അഞ്ചലി രാജു, രാഷ്ട്രീയ കക്ഷി നേതാവ് സേനാപതി ശശി, ബഡ് സ്‌കൂൾ ഫിസിയോതെറാപ്പിസ്റ്റ് രേവതി രവി, ഇംപ്ലിമെറ്റിംഗ് ഓഫീസർ എസ്. മുരുകേശൻ തുടങ്ങിയവർ പങ്കെടുത്തു.