ഇടുക്കി: ഉടുമ്പൻചോല ഗ്രാമപഞ്ചായത്തിലെ തിങ്കൾക്കാട് പട്ടികവർഗ കോളനിയിൽ നടപ്പാക്കുന്ന പദ്ധതികൾ രൂപീകരിക്കുന്നതിന് ചേർന്ന ഊരുകൂട്ടയോഗം മന്ത്രി എം.എം. മണി ഉദ്ഘാടനം ചെയ്തു. പട്ടികജാതി പട്ടിക വർഗ വിഭാഗങ്ങളുടെ ഉന്നമനത്തിന് പ്രത്യേക പരിഗണന നൽകിയാണ് സർക്കാർ വിവിധ പദ്ധതികൾ നടപ്പാക്കുന്നതന്ന് ഊരുകൂട്ട യോഗം ഉദ്ഘാടനം ചെയ്ത് മന്ത്രി പറഞ്ഞു. കോളനിയുടെ സമഗ്ര വികസനം മുന്നിൽ കണ്ട് ദീർഘ വീക്ഷണത്തോടെ പദ്ധതികൾ നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പട്ടികവർഗ വികസന വകുപ്പിന്റെ അംബേദ്കർ കോളനി സമഗ്ര വികസന പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു കോടി രൂപയുടെ വികസന പദ്ധതികളാണ് തിങ്കൾക്കാട് കോളനിയിൽ നടപ്പാക്കുന്നത്. തിങ്കൾക്കാട് പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ ചേർന്ന യോഗത്തിൽ ഉടുമ്പൻചോല ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന ബിജു അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം സാലി ഷാജി മുഖ്യപ്രഭാഷണം നടത്തി. തിങ്കൾക്കാട് കുടി ഊരുമൂപ്പൻ കെ.എൻ. മണി വിഷയാവതരണം നടത്തി. ഗ്രാമപഞ്ചായത്തംഗം മോഹനൻ അയ്യപ്പൻ സ്വാഗതവും കട്ടപ്പന ട്രൈബൽ എക്സ്റ്റൻഷൻ ആഫീസർ പി.വൈ. സുനീഷ് നന്ദിയും പറഞ്ഞു.