
ഘടകകക്ഷിയാക്കണോയെന്ന് ആലോചിച്ച് തീരുമാനിക്കും
തൊടുപുഴ: പാലായിലെ യു.ഡി.എഫ് സ്ഥാനാർത്ഥി മാണി സി. കാപ്പനായിരിക്കുമെന്നും, കാപ്പൻ വിഭാഗത്തെ ഘടകകക്ഷിയാക്കുന്ന കാര്യത്തിൽ മറ്റ് കക്ഷികളുമായി ആലോചിച്ച് തീരുമാനിക്കുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇടതുമുന്നണി മുങ്ങുന്ന കപ്പലാണ്. കൂടുതൽ പേർ അവിടെ നിന്ന് യു.ഡി.എഫിലേക്ക് വരാൻ സാധ്യതയുണ്ട്. കാപ്പന്റെ കാര്യത്തിൽ ധാർമ്മിക പറയാൻ ഇടതുമുന്നണിക്ക് അവകാശമില്ല. യു.ഡി.എഫിന്റെ വോട്ട് വാങ്ങി ജയിച്ച റോഷി അഗസ്റ്റിനും ജയരാജും ഇടതുമുന്നണിയിലേക്ക് പോയപ്പോൾ എം.എൽ.എ സ്ഥാനം രാജിവച്ചില്ലല്ലോ. തോമസ് ചാഴിക്കാടൻ പാർലമെന്റ് അംഗത്വവും രാജി വച്ചില്ല. ന്യായം കാപ്പന്റെ ഭാഗത്താണ്. കാപ്പൻ തോൽപ്പിച്ചവർക്ക് ആ സീറ്റ് നൽകുന്നു. സീറ്റെടുക്കും മുമ്പ് മുഖ്യമന്ത്രി കാപ്പനോട് ചോദിച്ചത് പോലുമില്ല. അതാണ് അധാർമികത. ശബരിമല കാര്യത്തിൽ യു.ഡി.എഫ് ആദ്യം മുതൽ വിശ്വാസികൾക്കൊപ്പമാണ്. എൻ.എസ്.എസിന്റെ പ്രസ്താവന തെറ്റിദ്ധാരണ മൂലമാണെന്നും ചെന്നിത്തല പറഞ്ഞു.