തൊടുപുഴ: നിൽക്കാനോ ഇരിക്കാനോ കിടക്കാനോ കഴിയാതെ കൊടുംചൂടിൽ വെന്തുരുകി ജനം. പകൽ എരിതീയിലാണെങ്കിൽ, രാത്രി വറചട്ടിയിലാണെന്നതാണ് അവസ്ഥ. സൂര്യൻ കത്തിജ്വലിക്കുന്ന പകലിൽ പുറത്തിറങ്ങാൻ പോലുമാകുന്നില്ല. രാത്രി ഉറങ്ങാനാകാതെ പുഴുങ്ങാനാണ് വിധി. ഫെബ്രുവരിയിൽ തന്നെ ഇത്ര ചൂടാണെങ്കിൽ വേനൽ കടുക്കുമ്പോൾ എന്താകും അവസ്ഥയെന്ന ആശങ്കയിലാണ് ജനം. പുലർച്ചെ തണുപ്പുണ്ടെന്നത് മാത്രമാണ് നേരിയ ആശ്വാസം. മുൻവർഷങ്ങളെ അപേക്ഷിച്ച് ചൂട് വളരെയധികം ചൂടാണ് അനുഭവപ്പെടുന്നത്. തൊടുപുഴക്കാരാണ് ചൂടിന്റെ കാഠിന്യമേറെ അനുഭവിക്കുന്നത്. രണ്ടാഴ്ചയിലേറെയായി 36- 37 ഡിഗ്രി സെൽഷ്യസ് ചൂടാണ് രേഖപ്പെടുത്തുന്നത്. ഇന്നലെ 37ഡിഗ്രി ചൂടാണ് രേഖപ്പെടുത്തിയത്. അന്തരീക്ഷത്തിൽ ഈർപ്പമുള്ളതിനാൽ 40 ഡിഗ്രി സെൽഷ്യസ് ചൂടിന് തുല്യമായി ഇത് അനുഭവപ്പെടും. ഒരു മഴയ്ക്കായി വേഴാമ്പലിനെ പോലെ ജനം കാത്തിരിക്കാൻ തുടങ്ങിയിട്ട് ആഴ്ചകളായി. ഓരോ ദിവസവും ചൂട് കൂടുന്നതല്ലാതെ ഒരു മാറ്റവുമില്ല. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഹൈറേഞ്ചിലും കനത്ത ഉഷ്ണമാണ്. പകൽ സമയങ്ങളിൽ ടൗണുകളിൽ ആളിറങ്ങാൻ മടിക്കുകയാണ്. കൊവിഡ് തീർത്ത പ്രതിസന്ധിയിൽ നിന്ന് ഉയർന്ന് വരുന്ന വ്യാപാര മേഖലയെ മോശമായി ബാധിച്ചിട്ടുണ്ട്. പകൽ സമയങ്ങളിലെ ജോലി സമയം ക്രമീകരിച്ചിട്ടുണ്ടെങ്കിലും അന്നന്നത്തെ അന്നത്തിനായി പണിയെടുക്കുന്ന തൊഴിലാളികൾ വെന്തുരുകാതെ വീട്ടിൽ അടുപ്പ് വേവില്ല.
വിവിധയിടങ്ങളിലെ ചൂട്
തൊടുപുഴ- 37 ഡിഗ്രി സെൽഷ്യസ്
കട്ടപ്പന- 33
അടിമാലി- 34
കുമളി- 32
ചെറുതോണി- 33
വെന്ത് വിളകൾ
പ്രളയത്തിൽ തകർന്ന കൃഷിയിടങ്ങളിൽ പുതു കൃഷികൾ ആരംഭിച്ചു പതിയെ തിരിച്ചുവരുന്നതിനിടയിലെ ഈ കൊടുംവേനൽ വീണ്ടും കർഷകർക്ക് തിരിച്ചടിയായി. പലതവണ നനച്ചിട്ടും വിളകൾ ഭൂരിഭാഗവും ഉണങ്ങിപോയതായി കർഷകർ പറയുന്നു. കനത്ത ചൂടിൽ പാൽ കുറഞ്ഞത് ക്ഷീരമേഖലയെയും കാര്യമായി ബാധിച്ചു. തീറ്റ പുല്ല് ഉണങ്ങി കരിഞ്ഞു പോവുന്നതും പ്രതിസന്ധിയാണ്.
ദാഹനീരിനായി അലഞ്ഞ്
ദിവസങ്ങളായി മഴ പോലും പെയ്യാതെ കടുത്ത വേനൽ തുടരുന്നത് കുടിവെള്ള ക്ഷാമം അതി രൂക്ഷമാക്കി. കുളം, കിണർ, തോട് തുടങ്ങിയ ജലസ്രോതസുകൾ വറ്റിവരണ്ടു. ഉയർന്ന പ്രദേശങ്ങളിലുള്ളവരാണ് ഏറ്റവുമധികം കുടിവെള്ള ക്ഷാമം നേരിടുന്നത്. ഇവിടെ ദൂരെ സ്ഥലങ്ങളിൽ നിന്ന് പലരും തലച്ചുമടായാണ് കുടിവെള്ളം എത്തിക്കുന്നത്. ചിലയിടങ്ങളിൽ പണം കൊടുത്ത് വാങ്ങിക്കുന്ന സ്ഥിതിയുണ്ട്. പല കുടിവെള്ള പദ്ധതികളും നിലച്ചു. വിവിധയിടങ്ങളിലെ തോടുകളിലും ഒഴുക്കു നിലച്ചിരിക്കുകയാണ്. മലങ്ക ഡാമിൽ നിന്നുള്ള രണ്ട് കനാലുകളാണ് തൊടുപുഴ മേഖലയിലുള്ളവർക്ക് വലിയ ആശ്വാസം.
കൂനിൻമേൽ കുരു
ചൂട് കനത്തതോടെ പലതരം പകർച്ചവ്യാധി പിടിപെട്ട് ആശുപത്രികളിൽ എത്തുന്നവരുടെ എണ്ണവും കൂടി. പകർച്ചപ്പനി, ന്യുമോണിയ, ഹെപ്പറ്റൈറ്റിസ് ബി തുടങ്ങിയവയാണ് കൂടുതലായി പിടിപെടുന്നത്. ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ട് ചികിത്സ തേടിയവരും നിരവധിയാണ്.
തണുത്തുറഞ്ഞ് മൂന്നാർ
ജില്ലയിലെ മറ്റ് പ്രദേശങ്ങൾ ചുട്ടുപൊള്ളുമ്പോൾ മൂന്നാറിൽ നല്ല തണുപ്പാണ്. കഴിഞ്ഞ ദിവസങ്ങളിൽ മൂന്നാറിൽ പല ഭാഗത്തും പൂജ്യം ഡിഗ്രി സെൽഷ്യസ് വരെ താപനില താഴ്ന്നു. പല എസ്റ്റേറ്റുകളിലും പുലർച്ചെ കനത്ത മഞ്ഞുവീഴ്ച അനുഭവപ്പെടുന്നുണ്ട്.