തൊടുപുഴ: അടിയുറച്ച കോൺഗ്രസ് പ്രവർത്തകനാണെങ്കിലും ഇടുക്കിയുടെ യുവ എം.പി അഡ്വ. ഡീൻ കുര്യാക്കോസ് ക്രിക്കറ്റിന്റെ കാര്യത്തിൽ ശക്തനായ 'ഇടതുപക്ഷക്കാരനാണെന്ന് " ഇന്നലെ തെളിഞ്ഞു. കെ.സി.എയുടെ തെക്കുംഭാഗം അന്താരാഷ്ട്ര ക്രിക്കറ്റ് സ്‌റ്റേഡിയത്തിൽ തൊടുപുഴ മർച്ചന്റ്സ് യൂത്ത് വിങ് സംഘടിപ്പിച്ച മർച്ചന്റ്സ് ക്രിക്കറ്റ് ലീഗിലാണ് എം.പിയുടെ 'ഇടതുപക്ഷ ചായ്‌വ് " പുറത്തു വന്നത്. ടൂർണമെന്റ് ഉദ്ഘാടകനായെത്തിയ ഡീൻ, ചെറുപ്പകാലത്തിലെ 'ക്രിക്കറ്റ് നൊസ്റ്റാൾജിയ' ഒന്നു പൊടിതട്ടിയെടുക്കാൻ ക്രീസിലെത്തി ഇടംകൈയ്യനായി ബാറ്റ് ചെയ്തു. ഇടവെട്ടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കെ സുഭാഷ് കുമാർ എറിഞ്ഞ ഒരു 'ഫുൾ ലെങ്‌ത്' ബോൾ ഇടംകൈയനായ ഡീൻ ഓഫ്സൈഡിലേയ്ക്ക് നീട്ടിയടിച്ചു. പക്ഷേ, ബൗളിങ്ങിൽ എപ്പോഴും വലതു പക്ഷത്താണെന്ന് പന്തെറിഞ്ഞപ്പോൾ വ്യക്തമായി. കേരള പോലീസ്, എക്‌സൈസ്, ഇടുക്കി പ്രസ് ക്ലബ് ,തൊടുപുഴ മർച്ചന്റ്സ് യൂത്ത് വിങ്, റവന്യൂ, ഹെൽത്ത് എന്നീ ഡിപ്പാർട്ടുമെന്റുകളെ പങ്കെടുപ്പിച്ച് നടത്തിയ ടൂർണമെന്റിൽ മർച്ചന്റ്സ് യൂത്ത് വിങ്ങിനെ പരാജയപ്പെടുത്തി കേരളാ പൊലീസ് ചാമ്പ്യൻമാരായി. മർച്ചന്റ്സ് യൂത്ത് വിങ് പ്രസിഡന്റ് താജു എം.ബി അദ്ധ്യക്ഷത വഹിച്ചു. മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് രാജു തരിണിയിൽ മുഖ്യപ്രഭാഷണം നടത്തി. ഇടവെട്ടി പഞ്ചായത്ത് പ്രസിഡന്റ് ഷീജ നൗഷാദ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുഭാഷ് കുമാർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സിനി സാബു, യൂത്ത് വിങ് ജനറൽ സെക്രട്ടറി രമേഷ് പി.കെ, ട്രഷറർ മനു തോമസ്, പ്രോഗ്രാം കൺവീനർ സിയാദ് പി.എം, യൂത്ത് വിങ് ജില്ലാ വൈസ് പ്രസിഡന്റ് അഭിലാഷ് ഇ.എ, പ്രസ് ക്ലബ് സെക്രട്ടറി വിനോദ് കണ്ണോളി തുടങ്ങിയവർ പ്രസംഗിച്ചു.