തൊടുപുഴ: കൊവിഡ് വ്യാപന പ്രതിസന്ധികൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി പ്രവർത്തനങ്ങളേയും സാരമായി ബാധിക്കുന്നു. തദ്ദേശ സ്ഥാപനങ്ങളിൽ പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതികൾക്ക് തദ്ദേശ വകുപ്പിന്റേയും കിലയുടേയും മറ്റ് വിവിധ ഏജൻസികളുടേയും നേതൃത്വത്തിൽ വിപുലമായ പരിശീലനങ്ങൾ ഓൺ ലൈനായും മറ്റ് സംവീധാനങ്ങളിലൂടെയും നൽകിവരുകയാണ്. എന്നാൽ തദ്ദേശ സ്ഥാപനങ്ങളുടെ ഏറ്റവും അടിസ്ഥാനമായ ഗ്രാമസഭകൾ /​വാർഡ്സഭകൾ,​ഊരുകൂട്ടം,​വർക്കിംഗ് ഗ്രൂപ്പ്,​വികസന സെമിനാർ എന്നിങ്ങനെയുളള പ്രവർത്തനങ്ങളിൽ നിന്ന് കൊവിഡ് വ്യാപന ഭീഷണിയെ തുടർന്ന് ജനങ്ങൾ കുടുതലായി വിട്ട് നിൽക്കുന്ന അവസ്ഥയാണ് ചില തദ്ദേശ സ്ഥാപനങ്ങളിലെങ്കിലും നിലനിൽക്കുന്നത്.വാർഡിലെ ജനപ്രതിനിധികൾ ഗ്രാമ സഭകൾക്കും മറ്റും ക്ഷണിക്കാൻ ഓരോ വീടുകളിലും എത്തുമ്പോൾ കൊവിഡ് കാരണത്താൽ എത്താൻ കഴിയില്ല എന്ന് ജനങ്ങൾ തുറന്ന് പറയുന്നുമുണ്ട്.മുൻ കാലങ്ങളിൽ തദ്ദേശ സ്ഥാപന പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തവരുടേതാണ് ഇത്തരത്തിലുളള പ്രതികരണങ്ങൾ. 2021-22 വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ടുളള ഗ്രാമസഭകൾ /വാർഡ് സഭകൾ,ഊരുകൂട്ടം തുടങ്ങിയവ ജനുവരി 23 ന് മുൻപ് പൂർത്തീകരിച്ച് അടുത്ത ദിവസങ്ങളിൽ വികസന സെമിനാറുകളും നടത്തണമെന്നാണ് തദ്ദേശ സ്ഥാപനങ്ങൾക്ക് അധികൃതർ ആദ്യം നൽകിയ നിർദ്ദേശം.എന്നാൽ നിയമസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപനം അടുത്ത ദിവസങ്ങളിൽ ഉണ്ടായാൽ പെരുമാറ്റ ചട്ടം പ്രാബല്യത്തിലാവുകയും തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി പ്രവർത്തനങ്ങൾ പൂർണ്ണമായും സ്തംഭിക്കുകയും ചെയ്യും.ഗ്രാമസഭകൾ /വാർഡ് സഭകൾ ചേരുമ്പോൾ വാർഡിലെ വോട്ടർമാരിൽ 10 ശതമാനം ആളുകൾ പങ്കെടുത്താലാണ് കോറം തികയുന്നത്. എന്നാൽ കോറം തികയാതെ വന്നാൽ വീണ്ടും ചേരുമ്പോൾ 50 ആളുകളെങ്കിലും പങ്കെടുക്കണം എന്നാണ് വ്യവസ്ഥ.

ഫണ്ട് ലാപ്സാകാനും

സാദ്ധ്യത

തദ്ദേശ സ്ഥാപനങ്ങളിലെ പുതിയ ഭരണ സമിതികളുടെ മുന്നിലുളള ഏറ്റവും വലിയ വെല്ലുവിളി നടപ്പ് സാമ്പത്തിക വർഷത്തെ ഫണ്ട് ലാപ്സാകാതെ നോക്കുക എന്നതാണ്. ചില തദ്ദേശ സ്ഥാപനങ്ങളിൽ ഗുണഭോക്തൃ വിഹിതം അടക്കാനുളള ഒട്ടനവധി പദ്ധതികളുണ്ട്. കൊവിഡ് വ്യാപനത്തെ തുടർന്ന് സാമ്പത്തിക പ്രതിസന്ധിയിലായ ജനങ്ങൾക്ക് ഗുണഭോക്ത വിഹിതം കൃത്യമായി അടക്കാൻ കഴിയാത്തതും പ്രതി സന്ധിയാക്കുന്നുണ്ട്.

പുതിയ ഉത്തരവ്

കൊവിഡ് വ്യാപനത്തെ തുടർന്ന് കണ്ടയ്മെന്റ് സോണായി പ്രഖ്യാപിച്ച തദ്ദേശ സ്ഥാപനങ്ങളിൽ ഗ്രാമ / വാർഡ് സഭകൾ പിന്നീട് ചേരുകയോ ഓൺ ലൈൻ സംവിധാനത്തൂലൂടെ നടത്തുകയോ ചെയ്യുന്നതിനുളള അനുമതി നൽകി ഉത്തരവ് സർക്കാർ ഇന്നലെ ഇറക്കി.