comfertstation
ഹരിതകർമ്മ സേന ഏറ്റെടുത്തു നടത്തുന്ന വണ്ടിപ്പെരിയാർ പഞ്ചായത്ത് ബസ് സ്റ്റാന്റിന് സമീപത്തെ കംഫർട്ട് സ്റ്റേഷൻ

വണ്ടിപ്പെരിയാർ : മാസത്തിൽ പത്ത് ദിവസം മാത്രം ജോലി ലഭിക്കുന്ന ഹരിതകർമ്മ സേന അംഗങ്ങൾ ശേഷിക്കുന്ന ദിവസങ്ങൾകൂടി പുതിയ തൊഴിൽ കണ്ടെത്തിയപ്പോൾ വരുമാനം ഇരട്ടിച്ചു. .വണ്ടിപ്പെരിയാർ ഗ്രാമപ്പഞ്ചായത്തിലെ ശൗചാലയത്തിന്റെ നടത്തിപ്പ് ഏറ്റെടുത്താണ് ഹരിത കർമ്മ സേന അധിക വരുമാനം കണ്ടെത്തിയത്. . അഞ്ച് പേരുൾപ്പെട്ട സേനാ ഗ്രൂപ്പാണ് വണ്ടിപ്പെരിയാർ ബസ് സ്റ്റാന്റിന് സമീപത്തെ കംഫർട്ട് സ്റ്റേഷൻ നടത്തിപ്പ് ഏറ്റെടുത്തു നടത്തുന്നത്.

ഗ്രാമപ്പഞ്ചായത്തിലെ മാലിന്യ പരിപാലനത്തിന് ചുമതലപ്പെട്ടവരാണ് ഹരിതകർമ്മ സേനാംഗങ്ങൾ.ഇവർക്ക് ഒരുമാസത്തിൽ പത്തു ദിവത്തോളം വീടുകളിൽ നിന്നും മറ്റും പ്ലാസ്റ്റിക്കും മറ്റും ശേഖരിക്കുന്നതിന് പോകണം. ബാക്കിയുള്ള ദിവസങ്ങളിൽ ഇവർക്ക് ജോലിയില്ല. ഈ വരുമാനം മാത്രം കൊണ്ട് കുടുംബം പുലർത്താനാവില്ല. അതിനാലാണ് ശൗചാലയ നടത്തിപ്പ് കരാറെടുത്തതെന്ന് യൂണിറ്റ് ഭാരവാഹികൾ പറഞ്ഞു. ഹരിതകർമ്മ സേനയെ സ്വന്തം കാലിൽ നിൽക്കാൻ കഴിയുന്ന ബിസിനസ് സംരംഭങ്ങളാക്കി വളർത്തിയെടുക്കണമെന്ന കാഴ്ചപ്പാടാണ് ഹരിതകേരളം മുന്നോട്ടുവെയ്ക്കുന്നതെന്നും പ്രസിഡന്റ് മേരി ത്രേസ്യാമ്മ, സെക്രട്ടറി ലീല എന്നിവർ വ്യക്തമാക്കി.36000 രൂപ കുടുംബശ്രീ വായ്പയെടുത്താണ് കംഫർട്ട് സ്റ്റേഷൻ കരാർ ഏറ്റെടുക്കുന്നതിന് പണം കണ്ടെത്തിയത്. ഈ വായ്പയും ഓരോ മാസവും തിരിച്ചടയ്ക്കണം. കൂടാതെ വൈദ്യുതി വാട്ടർ ചാർജുകളും വാടകയും ഇതിൽ നിന്നും പോകണം. ഇതിനെല്ലാമായി 7500 രൂപ ചെലവിടണം.പ്രതിമാസം 25,000- 27000 രൂപയാണ് ഇതിൽ നിന്നും വരുമാനം ലഭിക്കുന്നത്. അംഗങ്ങളിൽ ഒരാൾക്ക് വീതമാണ് കംഫർട്ട് സ്റ്റേഷന്റെ ഡ്യൂട്ടി. ആ അംഗത്തിന് മാസം 9000 രൂപ ശമ്പളം ലഭിക്കും.രാവിലെ ആറുമുതൽ എട്ടുമണിവരെയും രാത്രി ആറുമുതൽ എട്ടുവരെയും. ഒരു പുരുഷനെ ക്ലീനിംഗും മേൽനോട്ടത്തിനുമായി നിയോഗിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന് മാസം തോറും 3000 രൂപ വേതനം നൽകണം. ഈ ചെലവുകൾ കിഴിച്ച് മിച്ചമുള്ള വരുമാനം എല്ലാവരും വീതം വെച്ചെടുക്കുന്ന രീതിയാണ് സംരംഭത്തിന്റേത്. കുടുംബശ്രീ വായ്പ അടച്ചുതീർന്നാൽ കൂടുതൽ വരുമാനം ലഭിക്കുമെന്ന പ്രതീക്ഷയാണ് ഭാരവാഹികൾ പങ്കുവെയ്ക്കുന്നത്.